വാഷിംഗ്ടണ്‍: ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസും. 2019 വര്‍ഷത്തില്‍ വിവിധ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ് പട്ടികയിലേക്ക് തെരഞ്ഞെടുത്തത്.
82 കാരിയായ ബില്‍കീസ് പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ആരംഭിച്ച വനിതാ പ്രതിഷേധകൂട്ടായ്മയിലെ മുന്‍നിരയിലുണ്ടായിരുന്നു. ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബില്‍കീസ് ബാനും ധീരമായ സമര നിലപാടുകളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ബില്‍കീസ് ലോകത്തിന്റെ ആദരം അര്‍ഹിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ് പ്രതികരിച്ചു. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ വേണ്ടിയാണ് താന്‍ സമരത്തിനിറങ്ങിയതെന്ന് ബില്‍കീസ് പറഞ്ഞിരുന്നു.
2019 ഡിസംബര്‍ 11-നാണ് പാര്‍ലമെന്റിലെ ഇരു സഭകളിലും പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതപീഡനം മൂലം 2014 ന് മുന്‍പ് ഇന്ത്യയില്‍ അഭയം നേടിയ ഹിന്ദു, സിഖ്, പാര്‍സി, ജൈന്‍, ക്രിസ്ത്യന്‍, ബുദ്ധ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമഭേദഗതി.
ഭേദഗതിക്കെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധങ്ങളാണ് നടന്നത്. പൗരത്വം നല്‍കുന്നതില്‍ ആദ്യമായി മതം മാനദണ്ഡമാക്കിയതിനും മുസ്ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയതിനുമെതിരെയാണ് പ്രതിഷേധങ്ങളുയുര്‍ന്നത്.
കേരളവും ബംഗാളുമടക്കം നിരവധി സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, പ്രഫസര്‍ രവീന്ദ്ര ഗുപ്ത എന്നിവരാണ് ടൈം മാഗസിന്റെ പട്ടികയിലുള്ള മറ്റു ഇന്ത്യക്കാര്‍.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, അമേരിക്കന്‍ ഡോക്ടര്‍ അന്റോണിയോ ഫൗസി, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏംഗല മെര്‍ക്കല്‍, ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍ എന്നീ പ്രമുഖരും ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
Content Highlight: Bilkis – the ‘dadi from Shaheen Bagh’ is now one of the world’s most influential people Time Magazine