ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു
national news
ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd October 2022, 5:39 pm

ന്യൂദൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. അടുത്തമാസം 29ലേക്ക് മാറ്റിയത്. നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമെൻ നൽകിയ ഹരജി പരിഗണിക്കവെ ആണ് ഈ വിഷയത്തിലുള്ള മറ്റു ഹർജികൾക്കൊപ്പം വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

ജീവപര്യന്തം തടവ് ലഭിച്ച പ്രതികളെ ഗുജറാത്ത് സർക്കാർ ഓഗസ്റ്റ് 15ന് വെറുതെവിട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ ജയിലിൽ നിന്ന് മോചിപ്പിച്ചതെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വിശദീകരണം.

ശിക്ഷ ഇളവ് ലഭിച്ച പതിനൊന്ന് പേരും ജയിലിൽ നല്ല പെരുമാറ്റമായിരുന്നുവെന്നും ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ശിക്ഷ അനുഭവിക്കുന്നവരുടെ ജയിൽ മോചനം സംബന്ധിച്ച 1992ലെ നയത്തിന്റെ അടിസ്ഥാനത്തിൽ ആണ് പതിനൊന്ന് പേർക്കും ശിക്ഷ ഇളവ് നൽകിയത്. പതിനാല് വർഷം തടവ് പൂർത്തിയാക്കുകയും ചെയ്തിരുന്നുവെന്നും ഗുജറാത്ത് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2002 മാർച്ചിൽ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ ജയിൽ മോചിതരായ പ്രതികൾ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടു. വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. എന്നാൽ സാക്ഷികളെ ഉപദ്രവിക്കുന്നുവെന്നും, സി.ബി.ഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന്, 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 2008 ജനുവരി 21ന് പ്രത്യേക സി.ബി.ഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു.

ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ശിക്ഷിച്ചത്. ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നിർദേശവും നൽകിയിരുന്നു.

എന്നാൽ ശിക്ഷിക്കപ്പെട്ടവരിൽ ഒരാൾ തന്റെ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഗുജറാത്ത് സർക്കാർ 11 കുറ്റവാളികളെയും മോചിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് കുറ്റവാളികളെല്ലാം ഓഗസ്റ്റ് 15ന് ജയിലിൽ മോചിതരാവുകയായിരുന്നു.

Content Highlight: Bilkis Banu gang rape case; The Supreme Court adjourned the plea against the release of the accused