ന്യൂദല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ ഷഹീന്‍ബാഗ് സമര നായിക ബില്‍കിസ് ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന – ദല്‍ഹി അതിര്‍ത്തിയായ സിംഗുവിലെത്തിയ ബില്‍കിസിനെ പൊലീസ് തടയുകയായിരുന്നു.
‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. കര്‍ഷക സമരത്ത പിന്തുണയ്ക്കാന്‍ അവിടെയെത്തും. അവര്‍ക്കായി ശബ്ദമുയര്‍ത്തും. കേന്ദ്രം നമ്മുടെ ശബ്ദം കേട്ടേ മതിയാകു’, പ്രതിഷേധത്തില്‍ ചേരുന്നതിന് മുമ്പ് ബില്‍കിസ് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമരം നയിച്ച വ്യക്തിയാണ് ബില്‍കിസ് ബാനു. ഷഹീന്‍ബാഗ് ദാദിയെന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ ടൈം മാഗസീന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളില്‍ ഒന്നായി തെരഞ്ഞെടുത്തതും ബില്‍കിസ് ബാനുവിനെയാണ്.
അതേസമയം കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരിക്കുകയാണ്. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.
വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി.
പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ജയ്പൂര്‍, റോത്തക്ക്, സോനിപത്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക