| Monday, 8th January 2024, 11:02 am

ബിൽകീസ് ബാനു കേസ്; 11 പ്രതികളും ജയിലിലേക്ക്, പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബിൽകീസ് ബാനു കേസിൽ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീം കോടതി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത്‌ സർക്കാരിന് അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കുറ്റകൃത്യം നടന്ന സ്ഥലമല്ല, വിചാരണ നടന്ന സ്ഥലമാണ് പ്രധാനം എന്നും കോടതി ചൂണ്ടിക്കാട്ടി. ബിൽകീസ് ബാനുവിന്റെ ഹരജിയിൽ കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു.

ബിൽകീസ് ബാനു നൽകിയ ഹരജി നിലനിൽക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

ബിൽകീസ് ബാനുവിന് പുറമെ മുൻ എം.പി മഹുവ മൊയ്‌ത്ര, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എന്നിവരും പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ ഹരജി നൽകിയിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനിടയിൽ ഗർഭിണിയായ ബിൽകീസ് ബാനുവിനെ ബലാത്സംഗം ചെയ്ത് പ്രതികൾ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയിരുന്നു.

ബോംബെ ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ച കേസിലെ 11 പ്രതികളെയും 2022 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് വിട്ടയച്ചിരുന്നു. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയായിരുന്നു ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് പ്രതികളെ വിട്ടയക്കാൻ ഉത്തരവിട്ടത്.

Content Highlight: Bilkis banu Case; Culprits back to Jail, Supreme Court denied release of culprits

We use cookies to give you the best possible experience. Learn more