ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ ഫയലുകള്‍ സമര്‍പ്പിക്കാന്‍ വിമുഖത പ്രകടിപ്പിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഫയല്‍ കാണിക്കാന്‍ സാധിക്കില്ലെന്ന് ഗുജറാത്ത് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ഫയല്‍ കാണിക്കണമെന്ന ഇതേ ബെഞ്ചിന്റെ വിധിക്കെതിരെ പുനപരിശോധന ഹരജി നല്‍കുന്നത് പരിഗണനയിലുണ്ടെന്നും ഇരു സര്‍ക്കാരുകള്‍ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു അറിയിച്ചു.
ഫയല്‍ സുപ്രീം കോടതിയെ കാണിക്കണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെന്നും രാജു പറഞ്ഞു.
അതേസമയം എസ്.വി. രാജു വാദത്തിന് തയ്യാറായപ്പോള്‍ ഫയല്‍ നല്‍കാതെ എങ്ങനെ വാദിക്കുമെന്ന് ചോദിച്ച് ജസ്റ്റിസ് നാഗരത്‌ന തടയുകയും ചെയ്തു. രേഖകള്‍ സമര്‍പ്പിക്കാതെ വാദിക്കുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
വിട്ടയച്ചതിന്റെ കാരണം വ്യക്തമാക്കുന്നില്ലെങ്കില്‍ കോടതി സ്വന്തം നിലക്ക് കേസ് തീര്‍പ്പാക്കുമെന്ന് ജസ്റ്റിസ് ജോസഫും പറഞ്ഞു.
മെയ് ഒന്നിന് ഫയലുകള്‍ ഹാജരാക്കാനും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ 11 പ്രതികളെ ശിക്ഷാ കാലയളവ് തീരും മുമ്പ് വിട്ടയച്ചതിന്റെ ഫയല്‍ ഹാജരാക്കാന്‍ ജസ്റ്റിസുമാരായ കെ.എം. ജോസഫ് ഉത്തരിവിറക്കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാതെയാണ് ഗുജറാത്ത് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ ദിവസം ബില്‍ക്കിസ് ബാനു കേസിനെത്തിയത്.
ചൊവ്വാഴ്ച ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം തടവുകാരായ 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
സമൂഹത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ സമൂഹത്തിന്റെ താല്‍പര്യം കൂടി കണക്കിലെടുക്കണമെന്നും കെ.എം. ജോസഫ്, ബി.വി. നാഗരത്നയും അടങ്ങുന്ന ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനോട് പറഞ്ഞിരുന്നു.
‘ഇന്നിത് ബില്‍ക്കിസ് ബാനുവിന് ആണ്. നാളെ ഒരു പക്ഷേ അത് എനിക്കോ നിങ്ങള്‍ക്കോ ആകാം. പ്രതികളെ വിട്ടയക്കുന്നതില്‍ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. നിങ്ങള്‍ കാരണം പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തം നിഗമനത്തില്‍ പറഞ്ഞു,’ ജസ്റ്റിസ് ജോസഫ് പറഞ്ഞു.
പ്രതികളുടെ മോചനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
അതേസമയം പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ കൂടുതല്‍ സമയം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഹരജിക്കാര്‍ ആ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 14 അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പ് വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബില്‍ക്കിസ് ബാനു സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
content highlight: Bilkis Banu case; Center and Gujarat not to show file to Supreme Court; A review petition will be filed