| Thursday, 12th October 2023, 12:09 pm

പ്രതികളെ വെറുതെ വിടരുത്, അവര്‍ ദയ അര്‍ഹിക്കുന്നില്ല ; സുപ്രീം കോടതിയില്‍ ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് വംശഹത്യയിലെ 11 പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷക. കുറ്റവാളികളെ തിരികെ ജയിലിലേക്കയക്കണമെന്നും അവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും തിങ്കളാഴ്ച ആരംഭിച്ച ഹിയറിങ്ങില്‍ അഭിഭാഷക ശോഭ ഗുപ്ത കോടതിയോട് ആവശ്യപ്പെട്ടു.

ഇത് കേവലമൊരു വെടിവെപ്പ് കേസോ ഒരു കൊലപാതകമോ അല്ല മറിച്ച് കൂട്ടക്കൊലയാണ് . പ്രതികള്‍ ചെയ്ത കുറ്റത്തിന്റെ തീവ്രത കണക്കാക്കാതെയാണ് കോടതി വളരെ ഉദാരമായി പ്രതികള്‍ക്ക് മോചന ഹര്‍രജികള്‍ അനുവദിച്ചതെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍ പ്രതികളുടെ അപേക്ഷ പരിഗണിക്കാനാണ് അനുവദിക്കാനല്ല പറഞ്ഞതെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൂടാതെ പ്രതികള്‍ക്ക് നന്നാവാന്‍ ഒരു അവസരം നല്‍കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദമെന്നും അതിനാല്‍ രണ്ട് ഭാഗത്തിന്റെയും ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

2002ല്‍ ഗുജറാത്ത് വംശഹത്യയില്‍ 14 മുസ്ലീങ്ങളെ കൂട്ടക്കൊല നടത്തുകയും ഗര്‍ഭണി അടക്കം മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതികളൈ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടത്.

തന്നെ കൂട്ടബലാത്സംഗം ചെയ്ത് കുടുംബാംഗങ്ങളെ കൊല ചെയ്തവരുടെ മോചനങ്ങളുടെ ചിത്രം വൈറലായപ്പോഴാണ് ബില്‍ക്കീസ് ബാനു പോലും അറിഞ്ഞത്. പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവും അനുബന്ധ രേഖകളും വിവരാകാശ നിയമപ്രകാരം ബാനു ആവശ്യപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. ഒടുവില്‍ കോടതി ഉത്തരവിട്ട ശേഷമാണ് ലഭിച്ചത്.
ഇത്തരമൊരവസ്ഥയില്‍ അവര്‍ക്ക് കോടതിയെ അല്ലാതെ ആരെയാണ് സമീപിക്കാനാകുക എന്ന് അഭിഭാഷക ശോഭ ചോദിച്ചു.

ഒരു അഭിഭാഷകന്‍ മാത്രം 300 കുറ്റവാളികളുടെ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയില്‍ വന്നതിലും ഗൂഢാലോചനയുണ്ടെന്ന് അവര്‍ പറഞ്ഞു.

ഈ കേസില്‍ മോചനത്തിന് ആദ്യം സമീപിച്ച പ്രതി രാധേശ്യാം ഷാ കോടതിയെ കബളിപ്പിച്ചാണ് മോചനത്തിനായി ഗുജറാത്ത് സര്‍ക്കാറിനെ സമീപിക്കാനുള്ള ഉത്തരവ് നേടിയതെന്ന് അഭിഭാഷക ശോഭ വാദിച്ചു. ഗുജറാത്ത് കലാപകേസാണെന്നോ 14 പേരെ കൂട്ടക്കൊല ചെയ്തതാണെന്നോ ഷാ കോടതിയില്‍ പറഞ്ഞിട്ടില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.

രാധേശ്യാമിന്റെ അപേക്ഷ പരിഗണിക്കാനാണ് അല്ലാതെ അനുവദിക്കാനല്ല അന്ന് കോടതി പറഞ്ഞതെന്ന് ജസ്റ്റിസ് നാഗരത്‌ന ശോഭയോട് പറഞ്ഞു. കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ച മഹരാഷ്ട്ര സര്‍ക്കാറിന്റെ വിധി മാനിക്കാതെയാണ് പ്രതികളെ വെറുതെ വിട്ടതെന്ന് ശോഭ ആരോപിച്ചപ്പോള്‍ ഏത് സംസ്ഥാനത്തിന്റെ വാദമാണ് കേള്‍ക്കേണ്ടതെന്നായിരുന്നു കോടതി ചോദ്യം. വാദം വ്യാഴാഴ്ചയും തുടരും.

content highlight : ‘Send The Convicts Back To Jail, They Don’t Deserve Mercy’ : Bilkis Bano’s Lawyer Tells Supreme Court

Latest Stories

We use cookies to give you the best possible experience. Learn more