അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതി ബി.ജെ.പി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട വിഷയത്തില്‍ പ്രതികരണവുമായി ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍.
കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളിലൊരാളായ ശൈലേഷ് ചിമന്‍ലാല്‍ ഭട്ടാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ ദഹോദ് ജില്ലയില്‍ നടന്ന ‘ഹര്‍ ഖര്‍ ജല്‍ യോജന’ എന്ന സര്‍ക്കാര്‍ പരിപാടിയില്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത്. ബി.ജെ.പി. എം.പി ജസ്വന്ത് സിങ് ഭാഭോര്‍, എം.എല്‍.എ ശൈലേഷ് ഭാഭോര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ചിമന്‍ലാലും പരിപാടിയില്‍ പങ്കെടുത്തത്.
ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവത്തില്‍ പ്രതികരണവുമായി യാക്കൂബ് രംഗത്തെത്തിയത്.
ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ തങ്ങളെ ഭയപ്പെടുത്തുന്നുവെന്നും സുപ്രീംകോടതിയില്‍ നിന്ന് ബില്‍ക്കിസിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യാക്കൂബ് ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത ഭയം തോന്നുന്നു. ഭയത്തിന്റെ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് ബില്‍ക്കിസിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും കരുതുന്നു. ജസ്വന്ത് സിങ് ഭാഭോര്‍ ഈ ചിത്രങ്ങള്‍ ഫേസ്ബുക്കിലാണ് പങ്കുവെച്ചത്, ജനങ്ങളും മാധ്യമങ്ങളുമെല്ലാം അത് കണ്ടതാണ്. അവര്‍ക്ക് ആരെയും ഭയമില്ല, ‘ യാക്കൂബ് പറഞ്ഞു.
ചിമന്‍ലാല്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതിനെ വിമര്‍ശിച്ച് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു. പ്രതികളെ ശിക്ഷിക്കണമെന്നും നീതിയുടെ പരിഹാസ്യത്തെ കയ്യടിച്ചു സ്വീകരിക്കുന്ന പൈശാചിക സര്‍ക്കാരിന് ജനങ്ങള്‍ വോട്ട് ചെയ്യരുതെന്നുമായിരുന്നു മഹുവ പറഞ്ഞത്.
അതിനിടെ ഗുജറാത്ത് വംശഹത്യ കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ നടപടിയില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെയാണ് ബില്‍ക്കിസ് ബാനു ഹരജി നല്‍കിയത്.
ജയില്‍ മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അടുത്തമാസം 18 മുമ്പ് ഹാജരാക്കാന്‍ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. കേസ് ഏപ്രില്‍ 18ന് വീണ്ടും വിശദമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
Content Highlights: Bilkis Bano’s husband responds after the photo of rape convict with BJP leaders spread in social media