ഗാന്ധിനഗര്‍: ബല്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളായവരുടെ കാല്‍തൊട്ട് വന്ദിക്കുന്ന വീഡിയോ പുറത്ത്. കഴിഞ്ഞ ദിവസമാണ് കേസില്‍ പ്രതികളെ വെറുതെവിടാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടത്. കോടതി പതിനൊന്ന് വര്‍ഷം ജീവപര്യന്തത്തിനയച്ച പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടത്.
ഇതിന് പിന്നാലെയാണ് പുറത്തിറങ്ങിയ പ്രതികള്‍ക്ക് മധുരം നല്‍കുകയും കാല്‍തൊട്ട് വന്ദിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.
പ്രതികളെ വെറുതെ വിട്ട സര്‍ക്കാര്‍ നടപടി അത്ഭുതപ്പെടുത്തിയെന്നാണ് ബല്‍ക്കീസ് ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍ പി.ടി.ഐയോട് പ്രതികരിച്ചത്.
കഴിഞ്ഞ 20 വര്‍ഷമായി സ്ഥിരമായി ഒരു മേല്‍വിലാസം പോലും ഇല്ലാതെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും യാക്കൂബ് പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞങ്ങള്‍ക്ക് അറിയില്ല ഏത് വകുപ്പ് പ്രകാരമാണ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ നടപടിയെന്ന്. പ്രതികള്‍ അങ്ങനെ വെറുതെ വിടണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് മുമ്പിലോ കോടതിക്ക് മുമ്പിലോ എത്തിയതായും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ല. പ്രതികളെ വെറുതെ വിട്ട വിവരം പോലും ഞങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്.
മരണപ്പെട്ട എല്ലാവര്‍ക്കും ശാന്തി നല്‍കണമെന്ന് മാത്രമാണ് പ്രാര്‍ത്ഥന. കലാപത്തില്‍ കൊല്ലപ്പെട്ട പ്രിയപ്പെട്ടവരെക്കുറിച്ച് ഞങ്ങള്‍ എന്നും ഓര്‍ക്കാറുണ്ട്. ഞങ്ങളുടെ മകളെക്കുറിച്ചും,’ .യാക്കൂബ് പറയുന്നു.
ബല്‍ക്കീസ് ബാനുവിന്റെ കുടുംബത്തിന്‍ 50 ലക്ഷം രൂപ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ പണം ലഭിച്ചെന്നും എന്നാല്‍ കോടതി നിര്‍ദേശിച്ച പ്രകാരം വീടോ ജോലിയോ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും യാക്കൂബ് പറഞ്ഞു.
‘ഞങ്ങള്‍ക്കിപ്പോഴും വ്യക്തമായ ഒരു മേല്‍വിലാസമില്ല. ഞങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്ന് പറയാന്‍ പോലും പേടിയാണ്,’ യാക്കൂബ് കൂട്ടിച്ചേര്‍ത്തു.
2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബല്‍ക്കീസ് ബാനു എന്ന 21കാരിയെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. ഇതിന് പിന്നാലെ ഏഴ് കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ ബല്‍ക്കീസ് ബാനുവിന്റെ മകളുമുണ്ടായിരുന്നു.
ബലാത്സംഗം ചെയ്യപ്പെടുന്ന സമയത്ത് ബല്‍ക്കീസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബാനു മരിച്ചെന്നു കരുതിയായിരുന്നു അന്ന് പ്രതികള്‍ സ്ഥലം വിട്ടത്. പിന്നീട് കുടുംബം കേസ് നടത്തുകയായിരുന്നു.
സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിച്ചിരുന്നു. 2008 ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് ഇതില്‍ ഏഴു പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് കേസ് പരിഗണിച്ച ബോംബെ ഹൈകോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഗുജറാത്ത് സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ പറയുകയുമായിരുന്നു. ഇതിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് കേസില്‍ പ്രതികളെ വെറുതെ വിടാന്‍ ഐക്യകണ്‌ഠേന ഉത്തരവിട്ടത്.
Content Highlight: Bilkis Bano case convicts welcome with sweets, video out