ന്യൂദൽഹി: ബി.ജെ.പി നേതാക്കൾക്കൊപ്പം ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ് പ്രതികളിലൊരാൾ വേദി പങ്കിട്ട സംഭവത്തെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്ര. ഇതിന്റെ ചിത്രവും എം.പി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഗുജറാത്തിൽ നടന്ന സർക്കാർ ചടങ്ങിലാണ് സംഭവം.
ദാഹോദ് ബി.ജെ.പി എം.പി ജസ്വന്ത് സിങ് ഭാഗോർ, ലിംഖേഡ എം.എൽ.എ സൈലേഷ് ഭാഖോർ തുടങ്ങിയവർക്കൊപ്പം ജലവിതരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് ബിൽക്കിസ് ബാനു കേസ് പ്രതിയും പ്രത്യക്ഷപ്പെട്ടത്.
പ്രതികൾക്ക് തടവുശിക്ഷ നൽകണമെന്നും നീതിയുടെ പരിഹാസ്യത്തെ പിന്തുണക്കുന്ന പാർട്ടിക്ക് ജനങ്ങൾ വോട്ട് ചെയ്യരുതെന്നും മഹുവ കൂട്ടിച്ചേർത്തു.
രാക്ഷസന്മാർ എന്നാണ് പ്രതികളെ മഹുവ മൊയിത്ര വിശേഷിപ്പിച്ചത്.
‘ഈ രാക്ഷസന്മാരെ തിരികെ ജയിലിലേക്കയക്കണം. ആ താക്കോൽ ദൂരേക്ക് വലിച്ചെറിയണം. നീതിയുടെ പരിഹാസ്യത്തെ കയ്യടിച്ചു സ്വീകരിക്കുന്ന ഈ പൈശാചിക സർക്കാരിന് ജനങ്ങൾ വോട്ട് ചെയ്യരുത്. ഇന്ത്യ ധാർമിക മൂല്യങ്ങൾ വീണ്ടെടുക്കണം,’ മഹുവ മൊയിത്ര ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ബിൽക്കിസ് ബാനു കേസ് പ്രതികളായ 11 പേരുടെ ശിക്ഷയിൽ കോടതി ഇളവ് അനുവദിച്ചത്.
2002ൽ നടന്ന ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബിൽക്കിസ് ബാനു എന്ന 21കാരിയെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് പ്രതികൾ കൂട്ട ബലാത്സംഗം ചെയ്തത്. ഇതിന് പിന്നാലെ ഏഴ് കുടുംബാംഗങ്ങളെ പ്രതികൾ കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരിൽ ബിൽക്കിസ് ബാനുവിന്റെ മകളുമുണ്ടായിരുന്നു.
ബലാത്സംഗം ചെയ്യപ്പെടുന്ന സമയത്ത് ബിൽക്കിസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു. ബാനു മരിച്ചെന്നു കരുതിയായിരുന്നു അന്ന് പ്രതികൾ സ്ഥലം വിട്ടത്. പിന്നീട് കുടുംബം കേസ് നടത്തുകയായിരുന്നു.
സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് കേസ് സി.ബി.ഐ അന്വേഷിച്ചു. 2008 ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് ഇതിൽ ഏഴു പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ പ്രതികൾ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഗുജറാത്ത് സർക്കാരിനോട് തീരുമാനമെടുക്കാൻ പറയുകയുമായിരുന്നു. ഇതിന് വേണ്ടി സർക്കാർ പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് കേസിൽ പ്രതികളെ വെറുതെ വിടാൻ ഐക്യകണ്‌ഠേന ഉത്തരവിട്ടത്.
Content Highlight: Bilkis bano case convict shares stage with bjp leaders in Gujarat, Mahua Moitra says these monsters should be sent back to jail