ഗോധ്ര: സുപ്രീം കോടതി വിധിയെ തുടർന്ന് ബിൽകീസ് ബാനോ കേസിൽ ഗോധ്ര സബ് ജയിലിൽ കീഴടങ്ങിയതിന് പിന്നാലെ കുറ്റവാളികളിലൊരാൾക്ക് പരോൾ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി.
പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് ജനുവരി 21ൻ കേസിലെ 11 പ്രതികളും സബ് ജയിലിലേക്ക് മടങ്ങിയിരുന്നു.
പ്രതികളിലൊരായ പ്രദീപ് മോധിയക്ക് ഭാര്യാപിതാവിന്റെ നിര്യാണത്തെ തുടർന്ന് ഗുജറാത്ത് ഹൈക്കോടതി ഫെബ്രുവരി ഏഴിന് അഞ്ച് ദിവസത്തെ പരോൾ അനുവദിച്ചതിനെ തുടർന്ന് ഇയാൾ ദഹോഡ് ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയിരിക്കുകയാണ്.
ജയിൽ രേഖകൾ പ്രകാരം ഇയാൾ കൃത്യ സമയത്ത് തന്നെ ജയിലിൽ റിപ്പോർട്ട് ചെയ്തുവെന്നും ജയിലിനകത്തെ പെരുമാറ്റം നല്ലതാണെന്നും ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
തുടർന്ന് ജസ്റ്റിസ് എം.ആർ. മെങ്ഡേ ഫെബ്രുവരി അഞ്ച് വരെ മോധിയക്ക് പരോൾ അനുവദിക്കുകയായിരുന്നു.
ഫെബ്രുവരി ഏഴിന് പരോളിൽ നാട്ടിലെത്തിയ ഇയാളെ പിറ്റേ ദിവസം തന്നെ അങ്ങാടി പരിസരങ്ങളിൽ കണ്ടുവെന്ന് പ്രദേശവാസികൾ പറയുന്നു. ജനുവരി അവസാന വാരം മരണപ്പെട്ട മോധിയയുടെ ഭാര്യാപിതാവിന്റെ വീട് ഇയാളുടെ ഗ്രാമമായ രന്ദിക്പൂറിൽ നിന്ന് 32 കി.മി അകലെയുള്ള ലിംദിയിലാണ്.
2008ൽ ജീവപര്യന്തം തടവ് വിധിക്കപ്പെട്ട് ജയിലിലായതിന് ശേഷം 1,041 ദിവസം പരോളും അധികമായി 223 ദിവസത്തെ അവധിയും ഇയാൾക്ക് അനുവദിച്ചതായി ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Content Highlight: Bilkis Bano case convict out on parole a fortnight after surrender