ബില്‍ക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ നാല്‍പ്പതിനായിരം ഒപ്പുകളുമായി ചീഫ് ജസ്റ്റിസിന് കത്തയച്ച് കര്‍ണാടകയിലെ ജനങ്ങള്‍
national news
ബില്‍ക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ നാല്‍പ്പതിനായിരം ഒപ്പുകളുമായി ചീഫ് ജസ്റ്റിസിന് കത്തയച്ച് കര്‍ണാടകയിലെ ജനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th October 2022, 8:16 am

ബെംഗളൂരു: ബില്‍ക്കീസ് ബാനു കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ ചീഫ് ജസ്റ്റിസിന് നിവേദനമയച്ച് കര്‍ണാടകയിലെ ജനങ്ങള്‍. കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ നിന്നുളള നിരവധി പേര്‍ ഒപ്പുവെച്ച നിവേദനമാണ് ചീഫ് ജസ്റ്റിസിന് കൈമാറിയത്.

അടുത്തിടെയായിരുന്നു ഗുജറാത്ത് കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് അനുവദിച്ചത്. ഈ വിധിക്കെതിരെയാണ് കര്‍ണാടകയിലെ ജനങ്ങള്‍ സംഘടിച്ചിരിക്കുന്നത്. പ്രതികളുടെ ഇളവ് നീക്കം ചെയ്യണമെന്നും ബില്‍ക്കീസ് ബാനുവിനും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മഗ്സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെയുടെ നേതൃത്വത്തില്‍ ആക്ടിവിസ്റ്റുകള്‍ ഗുജറാത്തില്‍ നടത്തിയ പദയാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കര്‍ണാടകയിലെ ജനങ്ങളുടെ സിഗ്നേച്ചര്‍ ക്യാമ്പെയിന്‍. സെപ്റ്റംബര്‍ 26നും ഒക്ടോബര്‍ നാല് വരെയായിരുന്നു പദയാത്ര സംഘടിപ്പിച്ചത്.

ബില്‍ക്കീസ് ബാനുവിനോട് ഗുജറാത്ത് സര്‍ക്കാര്‍ ചെയ്ത അനീതിക്കെതിരെയായിരുന്നു പദയാത്ര നടത്തിയത്. എന്നാല്‍ പദയാത്രക്ക് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എങ്കിലും പദയാത്രയുമായി പ്രതിഷേധക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു.

സമൂഹമാധ്യമങ്ങളുടെയോ മറ്റ് ക്യാമ്പെയിന്‍ പോര്‍ട്ടലുകളുടെയോ പിന്തുണയില്ലാതെയാണ് കര്‍ണാടകയില്‍ സിഗ്നേച്ചര്‍ ക്യാമ്പെയിന്‍ നടന്നത്. നാല്‍പ്പതിനായിരത്തില്‍ അധികം ഒപ്പുകളാണ് ക്യാമ്പെയിനിലൂടെ ലഭിച്ചതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഈ നിവേദനത്തെ പിന്തുണക്കുന്ന 40,000+ ഒപ്പുകള്‍ കേസുമായി ബന്ധപ്പെട്ട നാല്‍പതിനായിരം വ്യക്തിഗത സംഭാഷണങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഓരോന്നും അഞ്ച് മുതല്‍ മുപ്പത് മിനിറ്റ് വരെ നീളുന്ന സംഭാഷണമാണ്. തെരുവുകളിലും ചേരികളിലും മാളുകളിലും അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളിലും കോളേജുകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ബസ് സ്റ്റാന്‍ഡുകളിലും മെട്രോ സ്റ്റേഷനുകളിലും ഓട്ടോ സ്റ്റാന്‍ഡുകളിലും കേസുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ നടത്തി സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും ഒപ്പു ശേഖരിച്ചിട്ടുണ്ട്.

ഓട്ടോ ഡ്രൈവര്‍മാര്‍, നിര്‍മാണത്തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, പൂക്കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, ശുചൂകരണത്തൊഴിലാളികള്‍, വനങ്ങളിലെ ആദിവാസികള്‍, ഗ്രാമങ്ങളിലെ കര്‍ഷകര്‍, വിവിധ പട്ടണങ്ങളിലെയും നഗരങ്ങളിലെയും നഗരവാസികള്‍, ആക്ടിവിസ്റ്റുകള്‍, അഭിഭാഷകര്‍, ലൈംഗികത്തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അങ്ങനെ പലരും,’ പ്രസ് റീലീസില്‍ പറയുന്നു.

രാജ്യത്ത് നിലവില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ ചുറ്റുപാട് ഒപ്പുകള്‍ ശേഖരിക്കുന്നതിന് പോലും വലിയ രീതിയില്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നുവെന്നും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. പലരും അഭിപ്രായങ്ങള്‍ പറയാന്‍ മടിച്ചു. പ്രത്യേകിച്ചും മുസ്‌ലിം വിഭാഗത്തിലുള്ളവര്‍ അഭിപ്രായം പറയാനും സര്‍ക്കാര്‍ നടപടിയില്‍ എതിര്‍പ്പുണ്ടെങ്കിലും ഒപ്പ് വെക്കാന്‍ വിസമ്മതിച്ചെന്നും പ്രസ് റിലീസില്‍ പറയുന്നു. നാളെ അവരുടെ പേര് കാരണം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്ന ഭയമാണ് പലരും ചൂണ്ടിക്കാട്ടിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ സ്വതന്ത്രരാക്കിയ 11 പ്രതികളേയും തിരികെ ജയിലിലേക്ക് തന്നെ അയക്കുന്നതിലൂടെ രാജ്യത്ത് സുപ്രീം കോടതി ജനങ്ങളുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സാധാരണക്കാരന് ബോധ്യമാകും. സ്ത്രീകള്‍ സുരക്ഷിതരാണെന്ന് വിശ്വാസം തോന്നും.. പ്രത്യേക മതവിഭാഗത്തിലുള്ളവര്‍ ഇനി ചൂഷണം ചെയ്യപ്പെടില്ലെന്ന പ്രതീക്ഷ നല്‍കാനും ഇതുവഴി സുപ്രീം കോടതിക്ക് സാധിക്കുമെന്നും പ്രസ് റിലീസില്‍ കൂട്ടിച്ചേര്‍ക്കുന്നു.

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കിസ് ബാനു എന്ന 21കാരിയെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. ഇതിന് പിന്നാലെ ഏഴ് കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ ബില്‍ക്കിസ് ബാനുവിന്റെ മകളുമുണ്ടായിരുന്നു.

ബലാത്സംഗം ചെയ്യപ്പെടുന്ന സമയത്ത് ബില്‍ക്കിസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബാനു മരിച്ചെന്നു കരുതിയായിരുന്നു അന്ന് പ്രതികള്‍ സ്ഥലം വിട്ടത്. പിന്നീട് കുടുംബം കേസ് നടത്തുകയായിരുന്നു.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിച്ചിരുന്നു. 2008 ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് ഇതില്‍ ഏഴു പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയുമായിരുന്നു.

ഇതിന് പിന്നാലെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഗുജറാത്ത് സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ പറയുകയുമായിരുന്നു. ഇതിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് കേസില്‍ പ്രതികളെ വെറുതെ വിടാന്‍ ഐക്യകണ്‌ഠേന ഉത്തരവിട്ടത്.

ആ സമിതിയില്‍ നിയോഗിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബി.ജെ.പിക്കാരാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചട്ടലംഘനമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബലാത്സംഗക്കേസില്‍ കുറ്റവാളികളുടെയോ ജീവപര്യന്തം കഠിന തടവിന് വിധിച്ചവരുടെയോ ശിക്ഷാ കാലവധിയില്‍ ഇളവ് വരുത്താന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Content Highlight: Bilkis bano case; 40,000+ peoples signed in plea to cji against the remission of 11 convicts