2020 വര്‍ഷത്തില്‍ ലോകത്ത് മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരായി ബി.ബി.സി തെരഞ്ഞെടുത്ത നൂറ് വനിതകളുടെ ലിസ്റ്റില്‍ ഷഹീന്‍ബാഗ് സമരനായിക ബില്‍കിസ് ബാനുവും. നേരത്തെ ടൈം മാസിക തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും ബില്‍കിസ് ബാനു ഇടം പിടിച്ചിരുന്നു. ഷഹീന്‍ബാഗ് സമരത്തിലൂടെ ശ്രദ്ധ നേടിയ 82-കാരിയായ ബില്‍കിസ് ഷഹീന്‍ബാഗിന്റെ മുത്തശ്ശി എന്നാണ് അറിയപ്പെടുന്നത്. പ്രായത്തെ വകവെക്കാതെ നടത്തിയ പോരാട്ടമാണ് ബില്‍കിസ് മുത്തശിയെ പ്രതിഷേധത്തിന്റെ മുഖമായി മാറ്റിയത്.
‘അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദം’ എന്നാണ് ബി.ബി.സി ബില്‍കിസ് ബാനുവിനെ വിശേഷിപ്പിച്ചത്. ഒരു കയ്യില്‍ പ്രാര്‍ത്ഥനാമാലകളും മറുകയ്യില്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ച ബില്‍കിസ് ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയായിരുന്നുവെന്നാണ് നേരത്തെ ടൈംസ് ലേഖനം പറഞ്ഞിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ബില്‍കിസിനൊപ്പം ആയിരക്കണക്കിന് സ്ത്രീകളായിരുന്നു പങ്കെടുത്തത്.
ബി.ബി.സിയുടെ നൂറ് വനിതകളില്‍ ഇന്ത്യയില്‍ നിന്ന് ബില്‍കിസ് ബാനുവിനെ കൂടാതെ ബാറ്റ്മിന്റണ്‍ താരം മാനസി ജോഷി, സംഗീതജ്ഞ ഇസൈ വാണി, യുവ പരിസ്ഥിതി പ്രവര്‍ത്തക റിദ്ദിമ പാണ്ഡേ എന്നിവരും ഉണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക