ഇസ്‌ലാമാബാദ്: കശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാനില്‍ റാലി സംഘടിപ്പിക്കുമെന്ന് പി.പി.പി (പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി) നേതാവ് ബിലാവല്‍ ഭൂട്ടോ. റാലി നടത്തുമെന്ന് ബിലാവല്‍ ഉറപ്പു നല്‍കിയതായി കശ്മീരിലെ വിഘടനവാദി സംഘടനയായ ഹുറിയത്ത് കോണ്‍ഫറന്‍സ് വക്താവ് പറഞ്ഞു. ഹുറിയത്ത് നേതാവ് മിര്‍വായീസ് ഉമര്‍ ഫാറൂഖുമായാണ് ബിലാവല്‍ ഭൂട്ടോ ഫോണില്‍ സംസാരിച്ചത്.
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ തലയിടേണ്ടെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിലാവല്‍ ഭൂട്ടോ കശ്മീരിന് വേണ്ടി റാലി സംഘടിപ്പിക്കാനൊരുങ്ങുന്നത്.
യു.എന്‍ വേദിയിലാണ് പാകിസ്ഥാന്റെ നിലപാടിനെതിരെ ഇന്ത്യ വിമര്‍ശനം ഉയര്‍ത്തിയിരുന്നത്. തീവ്രവാദം പാകിസ്ഥാന്റെ ദേശീയ നയമാണെന്നും മറ്റുള്ളവരുടെ ഭൂമി മോഹിക്കുന്ന നയമാണ് പാകിസ്ഥാന്റെതെന്നും യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞിരുന്നു.
അതേ സമയം ഹിസ്ബുള്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലില്‍ വെള്ളിയാഴ്ചയാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്.