| Wednesday, 27th December 2017, 9:59 pm

ബേനസീര്‍ ബൂട്ടോയെ പര്‍വേസ് മുഷറഫ് കൊന്നതാണെന്ന് മകന്‍ ബിലാവല്‍ ബൂട്ടോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: തന്റെ അമ്മയായ ബേനസീര്‍ ബൂട്ടോയെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് കൊന്നതാണെന്ന് മകന്‍ ബിലാവല്‍ ബൂട്ടോ. ബ്രിട്ടീഷ് മീഡിയ ഔട്ടലെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ബിലാവല്‍ ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാനില്‍ തിരിച്ചെത്തി സര്‍ക്കാരുമായി സഹകരിക്കുന്നതിന് അനുസരിച്ചായിരിക്കും ബേനസീറിന്റെ സുരക്ഷ എന്ന് മുഷറഫ് നേരിട്ട് ബേനസീറിനെ ഭീഷണിപ്പെടുത്തിയിരുന്നതായും ബിലാവല്‍ പറഞ്ഞു. എന്റെ അമ്മയുടെ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പര്‍വേസ് മുഷാറഫിനാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007ലാണ് ബേനസീര്‍ ഭൂട്ടോ അക്രമികളുടെ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ അത് ചെയ്തവരെക്കാള്‍ ഇതിനെ മുതലെടുത്തത് പര്‍വേസ് മുഷറഫാണെന്നും ബിലാവല്‍ പറയുന്നു.

എന്റെ അമ്മയെ കൊല്ലാന്‍ ഭീകരര്‍ വെടിയുതിര്‍ത്തു. ഇതിനായി മുന്‍ പ്രസിഡന്റ് അമ്മയുടെ സുരക്ഷാ പ്രോട്ടോക്കോള്‍ പിന്‍വലിച്ചു. അതിനാലാണ് അവര്‍ക്ക് എളുപ്പത്തില്‍ കൊല്ലാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ സെപ്തംബറില്‍ സെനറ്റ് ചെയര്‍മാന്‍ റസാ റബ്ബാനിയും മുഷറഫിനെ കൊലപാതകിയെന്ന് വിളിച്ചിരുന്നു. മുഷറഫ് എത്രയും വേഗം പാക്കിസ്ഥാനിലേക്ക് തിരികെയെത്തി കേസിനെ നേരിടണമെന്നും പറഞ്ഞിരുന്നു.

1990 കളില്‍ രണ്ടുതവണ പ്രധാനമന്ത്രിയായ ആളാണ് ബേനസീര്‍. അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് പട്ടാളം അധികാരത്തില്‍ നിന്ന് അവരെ പുറത്താക്കിയത്. മൂന്നാം തവണയും പ്രധാനമന്ത്രി ആകാനിരിക്കെയാണ് 2007ല്‍ ബേനസീര്‍ കൊല്ലപ്പെടുന്നത്.

We use cookies to give you the best possible experience. Learn more