ഇസ്‌ലാമാബാദ്: നീണ്ട ആറുമാസക്കാലം വിദേശത്ത് കഴിഞ്ഞ് കൂടിയ പി.പി.പി (പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പാകിസ്ഥാനില്‍ തിരിച്ചെത്തി. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്ക് നടുവില്‍ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഭൂട്ടോ വിമാനമിറങ്ങിയത്.
വരാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പി.പി.പി പഞ്ചാബ് പ്രവിശ്യയില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമെന്ന് ബിലാവല്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നിര്‍ജീവമായി കിടക്കുന്ന പാര്‍ട്ടിയെ ശ്രമങ്ങളും ബിലാവലിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പി.പി.പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പിതാവായ അസിഫലി സര്‍ദാരിയുമായുള്ള രാഷ്ട്രീയ വിയോജിപ്പുകള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്നായിരുന്നു ബിലാവല്‍ പാകിസ്ഥാന്‍ വിട്ടിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 18ന് കറാച്ചിയിലെ പൊതു പരിപാടിയില്‍ പങ്കെടുത്ത ശേഷം അദ്ദേഹം നേരെ പോയത് ദുബൈയിലേക്കായിരുന്നു.
അദ്ദേഹത്തിന്റെ മാതാവും മുന്‍ പാക് പ്രധാനമന്ത്രിയുമായിരുന്ന ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിന് ശേഷമാണ് ബിലാവലിനെ പി.പി.പി ചെയര്‍മാനായി അവരോധിച്ചിരുന്നത്.