ടീം ഇന്ത്യയുടെ ബൈലാട്രല്‍ മത്സരങ്ങളുടെ മാധ്യമാവകാശത്തിനുള്ള ലേലം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ബി.സി.സി.ഐ ഇന്ത്യന്‍ ടീമിന്റെ ഹോം മാച്ചസിലെ ബൈലാട്രല്‍ മത്സരങ്ങള്‍ക്കായുള്ള മീഡിയ റൈറ്റ് ടെന്‍ഡര്‍ പുറത്തിറക്കിയിരുന്നു. താല്‍പ്പര്യമുള്ള കക്ഷികള്‍ക്ക് 15 ലക്ഷം രൂപ നല്‍കി ഓഗസ്റ്റ് 25ന് മുന്നോടിയായി ടെന്‍ഡര്‍ വാങ്ങാം.
വരാനിരിക്കുന്ന മീഡിയ റൈറ്റ് സൈക്കിളിനായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മൊത്തത്തിലുള്ള അടിസ്ഥാന വില ഒരു മത്സരത്തിന് 45 കോടി രൂപയായി കുറച്ചു. ഏറ്റവും പുതിയ സൈക്കിളില്‍, സമീപകാല സൈക്കിളില്‍ ഡിസ്‌നി-സ്റ്റാറിന്റെ അടിസ്ഥാന വില ഒരു മത്സരത്തിന് 61 കോടി രൂപയായിരുന്നു. കുറഞ്ഞ അടിസ്ഥാന വില കൂടാതെ, താല്‍പ്പര്യമുള്ള പ്രക്ഷേപകര്‍ക്ക് മാധ്യമ അവകാശങ്ങള്‍ സ്വന്തമാക്കാന്‍ മറ്റൊരു വലിയ കാരണവുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഹോം ഗെയിമുകളില്‍ 50 ശതമാനവും ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരാണ്.
വരാനിരിക്കുന്ന ബ്രോഡ്കാസ്റ്റ് സൈക്കിളില്‍ ടീം ഇന്ത്യ ആകെ 88 മത്സരങ്ങളാണ് ഹോം ഗ്രൗണ്ടില്‍ കളിക്കുക. ആ 88 കളികളില്‍ 39 എണ്ണവും ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരെയായിരിക്കും, അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകള്‍. നിലവില്‍ ഏകദിന, ടി-20 ലോക ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്, ടെസ്റ്റ് ലോക ചാമ്പ്യന്മാരാണ് ഓസ്ട്രേലിയ.
ഇത് കാണികളുടെ എണ്ണത്തില്‍ ഒരുപാട് ഉയര്‍ച്ചയുണ്ടാക്കുമെന്ന് തീര്‍ച്ച. ഏകദിനം, ടെസ്റ്റ്, ട്വന്റി-20 എന്നിങ്ങനെ എല്ലാ ഫോര്‍മാറ്റിലെയും മത്സരങ്ങള്‍ ഇതിലുണ്ടാകും. ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയിലൂടെയാണ് സൈക്കിള്‍ ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും അഞ്ച് ട്വന്റിയും ഈ പരമ്പരയിലുണ്ടാകും.
അതേസമയം ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍. പരീക്ഷണങ്ങളുടെ മുകളില്‍ വീണ്ടും പരീക്ഷണം നടത്തി ടീം എവിടെയും എത്തിയില്ലെങ്കിലും ലോകകപ്പിന് മികച്ച ഇലവനെ തന്നെ ഇറക്കാന്‍ പറ്റുമെന്നാണ് ടീമിന്റെ വിശ്വാസം. നിലവില്‍ വിന്‍ഡീസിനെതിരെയുള്ള ട്വന്റി-20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.
Content Highlight:Bilateral Series India To Play England And Austrailia 39 Games in Next Cycle