സംഘടിതമായി തെറിവിളിച്ച് നിശ്ശബ്ദമാക്കാമെന്ന് കരുതണ്ട; കേസ് കൊടുത്തിട്ട് കാര്യമില്ലാത്തതിനാല്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുവെന്ന് ഡോ.ബിജു
Kerala News
സംഘടിതമായി തെറിവിളിച്ച് നിശ്ശബ്ദമാക്കാമെന്ന് കരുതണ്ട; കേസ് കൊടുത്തിട്ട് കാര്യമില്ലാത്തതിനാല്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുവെന്ന് ഡോ.ബിജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th July 2018, 12:55 pm

കൊച്ചി: സംഘടിതമായ തെറിവിളികളെയും വ്യക്തിഹത്യയെയും തുടര്‍ന്ന് തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നെന്ന് സംവിധായകന്‍ ഡോ ബിജു. ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സംവിധായകന്‍ ഡോ ബിജുവിന് നേരെ ആരാധകര്‍ രൂക്ഷമായ തെറിവിളികളും അസഭ്യവര്‍ഷവും നടത്തിയ്.

“എന്റെ പേരില്‍ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണ്” ബിജു ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.


Read Also: മമതയോ മായാവതിയോ പ്രധാനമന്ത്രിയാവുന്നതില്‍ വിയോജിപ്പില്ല; ലക്ഷ്യം ബി.ജെ.പിയെ താഴെയിറക്കലെന്ന് രാഹുല്‍ ഗാന്ധി


താരങ്ങളുടെ അനുയായികള്‍ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തില്‍ വലിയ കാര്യമില്ലെന്നും സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വര്‍ണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോള്‍ അവര്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നുവെന്നും ബിജു പറഞ്ഞു.

ഇത്തരം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങള്‍ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ ബിജുവിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

എന്റെ പേരില്‍ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്..അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണ്. താരങ്ങളുടെ അനുയായികള്‍ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തില്‍ വലിയ കാര്യമില്ല എന്ന് അറിയാം. ആയതിനാല്‍ ഇതേ ഉള്ളൂ മാര്‍ഗ്ഗം. ടെലിഫോണില്‍ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്..

സാംസ്‌കാരിക കേരളത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വര്‍ണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോള്‍ അവര്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കള്‍ച്ചറല്‍ ഫാസിസം ഈ നാട്ടില്‍ ഇല്ലല്ലോ…
ഇത് പേഴ്സണല്‍ പ്രൊഫൈല്‍ ആണ്. ഇവിടെ വല്ലപ്പോഴും ഉണ്ടാകും . സുഹൃത്തുക്കളോട് മാത്രം സംവദിച്ചാല്‍ മതിയല്ലോ.
ഒന്നു മാത്രം പറയാം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങള്‍ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്.