| Wednesday, 6th March 2019, 3:33 pm

സ്ത്രീ വിരുദ്ധ നിലപാടുള്ള ഒരാളെ ഇടതുപക്ഷം വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്; ബിജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റിന് ഇടതുപക്ഷം വീണ്ടും സീറ്റ് നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍. സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാര്‍ഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകള്‍ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എ.എം.എം.എ പുലര്‍ത്തിയിരുന്നത്. നടനും ആ സംഘടനയുടെ മുന്‍ പ്രസിഡന്റ്‌റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം.പി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നല്‍കുന്നതും ആയിരുന്നെന്നും ബിജു ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

Read Also : അഴിമതിയുടെ, കുറ്റകൃത്യങ്ങളുടെ ചോദ്യമുയരുമ്പോള്‍ നിങ്ങള്‍ ദേശസുരക്ഷയുടെ പേര് പറഞ്ഞ് രക്ഷപ്പെടുകയാണോ? കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി

“ദേശീയ ശ്രദ്ധ നേടിയ ഈ വിഷയത്തില്‍ ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധി എന്നത് പോലും മറന്ന് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാര്‍ഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ തികഞ്ഞ അത്ഭുതം ഉണ്ട്” ബിജു പറഞ്ഞു.

സമകാലിക കേരളത്തില്‍ ഇടതു പക്ഷം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് ഒട്ടേറെ കാര്യങ്ങളില്‍. ലിംഗ സമത്വം, സ്ത്രീ പക്ഷ കാഴ്ചപ്പാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വലിയ നിലപാടുകള്‍ തന്നെയാണ് ഇടത് പക്ഷം ഉയര്‍ത്തിയതെന്നും ബിജു വ്യക്തമാക്കുന്നു.

അതേസമയം ചാലക്കുടി എം.പി ഇന്നസെന്റ് തന്നെ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇത്തവണ ഇന്നസെന്റിന് വിജയസാധ്യതയില്ലെന്നാണ് സി.പി.ഐ.എം ചാലക്കുടി ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നിലപാട്. പി. രാജീവിനെയോ സാജു പോളിനെയോ പരിഗണിക്കണമെന്ന് ആവശ്യം കമ്മിറ്റിയുടെ ആവശ്യം.

ഇന്നസെന്റിനെ മല്‍സരിപ്പിക്കുന്നെങ്കില്‍ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് ആയിരിക്കുമെന്നാണ് അങ്കമാലിയില്‍ ചേര്‍ന്ന യോഗത്തിലെ പൊതുവികാരം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മറ്റി തിരുമാനമെടുക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more