| Friday, 31st March 2023, 4:27 pm

ബലൂണിന്റെ ഷെയ്പ്പ്; ഇവന്റെ അതിവിനയമാണ് സഹിക്കാന്‍ പറ്റാത്തത്; ബോഡി ഷെയ്മിങ് കമന്റിനെ കുറിച്ച് ബിജു സോപാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉപ്പും മുളകും പരമ്പരയിലൂടെ സുപരിചിതരായ ബിജു സോപാനവും നിഷാ സാരംഗും ഒന്നിച്ചെത്തുന്ന സിനിമയാണ് ലൈക. അഷദ് ശിവരാമന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൂധീഷ്, ബൈജു, നോബി മാര്‍ക്കോസ് എന്നിവര്‍ക്ക് പുറമെ തമിഴ് നടന്‍ നാസറും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറയുകയാണ് നായകന്‍ ബിജു സോപാനമിപ്പോള്‍. ഒരുപാട് കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയതെന്നും തന്റെ റിയല്‍ ക്യാരക്ടറിനെ വരെ ആളുകള്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈയടുത്ത് തന്നെ കുറിച്ച് വന്ന ഒരു സോഷ്യല്‍ മീഡിയ കമന്റിനെ കുറിച്ചാണ് താരം തുറന്ന് പറഞ്ഞത്.


മാതൃഭൂമിയില്‍ വന്ന ഇന്റര്‍വ്യൂ പുറത്ത് വന്ന സമയത്ത് ആളുകള്‍ തന്റെ ശരീരത്തെക്കുറിച്ച് കളിയാക്കിയെന്നാണ് ബിജു സോപാനം പറഞ്ഞത്. ആളുകളെ വശീകരിക്കാന്‍ വേണ്ടി താരം അതിവിനയം കാണിക്കുകയാണെന്ന തരത്തില്‍ കമന്റ് വന്നെന്നും അദ്ദേഹം പറഞ്ഞു.

‘മാതൃഭൂമിയില്‍ ഒരു ഇന്റര്‍വ്യൂ വന്നിരുന്നു. അതിന്റെ താഴെ ഒരു കമന്റ് വന്നു. എന്റെ സിനിമ ജീവിതത്തില്‍ ഇന്നേ വരെ അനുഭവിക്കാത്ത കാര്യമായിരുന്നു അത്. ആ കമന്റ് ഞാന്‍ കാണാതെ പഠിച്ചിട്ടുണ്ട്. അതില്‍ എഴുതിയത് ഇങ്ങനെയാണ്. ഒരു ഷെയ്പ്പുമില്ലാത്ത ബലൂണ്‍ പോലെ വീര്‍ത്ത ഇവനെ ഒരു കാലത്ത് എനിക്ക് ഇഷ്ടമായിരുന്നെന്നാണ് ആദ്യത്തെ വരി. അത് കണ്ടപ്പോ ഞാനൊന്ന് സന്തോഷിച്ചു.

ബാക്കി വായിച്ചപ്പോള്‍ പക്ഷെ അതങ്ങ് പോയിക്കിട്ടി. പക്ഷെ കാവാലന്റെ തഴമ്പ് ഉണ്ടെന്ന് അവകാശപ്പെടുന്ന ഇവന്‍ ജനങ്ങളെ വശീകരിക്കാന്‍ വേണ്ടി കാണിക്കുന്ന ഭവ്യതയോടുള്ള സംസാരമാണ് സഹിക്കാന്‍ പറ്റാത്തത്. ഇവന്റെ സിനിമ എവിടെയും എത്താതെ വട്ടം കറങ്ങി പോവും. ഇതായിരുന്നു അവസാനത്തെ വരി.

അതെനിക്ക് കുറച്ച് വിഷമം ഉണ്ടാക്കി. അമീബയെപ്പോലെ ഷെയ്പ്പാണെന്നൊക്കെ പറഞ്ഞാല്‍ ഓക്കെയാണ്. പക്ഷെ എന്റെ ക്യാരക്ടറിനെയൊക്കെ മോശമാക്കി പറഞ്ഞാല്‍ അത് കുറച്ച് വിഷമം ഉണ്ടാക്കുന്നതാണ്. ഇതൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്,’ ബിജു സോപാനം പറഞ്ഞു.

ഒരുപാട് ആഗ്രഹിച്ചാണ് താന്‍ സിനിമയില്‍ എത്തിയതെന്നും ജയവും പരാജയങ്ങളും ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിനിമ എന്നത് എന്റെ ഒരു യാത്രയാണ്. അതില്‍ ജയവും പരാജയവും ഒക്കെ ഉണ്ടാവും. എന്ന് വെച്ച് അടച്ച് ആക്ഷേപിക്കുന്നത് ശരിയാണോ. കുറ്റം പറഞ്ഞോ, അതേ സമയം നല്ലത് കണ്ടാല്‍ അഭിനന്ദിക്കുകയും വേണ്ടെ. അത് കണ്ട് എനിക്ക് വിഷമം വന്നിട്ടുണ്ട്. ആ കമന്റ് ഞാന്‍ നിഷക്ക് കാണിച്ച് കൊടുത്തപ്പോള്‍ അവള്‍ പറഞ്ഞു അതൊന്നും സാരമാക്കണ്ടെന്ന്,’ അദ്ദേഹം പറഞ്ഞു.

Content Highlight: biju sopanam talk about body shaming

We use cookies to give you the best possible experience. Learn more