| Saturday, 3rd December 2016, 3:28 pm

അടൂര്‍പ്രകാശിന്റെ മകനും ബിജുരമേശിന്റെ മകളും തമ്മിലുള്ള വിവാഹത്തിനായി ഒരുങ്ങുന്നത് ബോളിവുഡ് സിനിമാ സെറ്റിനെ വെല്ലുന്ന ആഢംബര വിവാഹവേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

120 ദിവസം കൊണ്ട് 40 പേര്‍ പണിയെടുത്താണ് വിവാഹ വേദി
തയ്യാറാക്കിയിരിക്കുന്നത്. നൂറിലധികം വിഭവങ്ങളാണ് വിവാഹത്തിന് ഒരുക്കുന്നത്.

തിരുവനന്തപുരം: വ്യവസായി ബിജു രമേശിന്റെ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹത്തിന് നാളെ തിരുവനന്തപുരം സാക്ഷിയാകുമ്പോള്‍ ബോളിവുഡ് സിനിമാ സെറ്റിനെപ്പോലും വെല്ലുന്ന ആഢംബര വിവാഹവേദിയാണ് ഒരുങ്ങുന്നത്.

ബിജു രമേശിന്റെ എട്ടേക്കറില്‍ സിനിമാ സെറ്റിനെ വെല്ലുന്ന നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്.  വിവാദവേദിയില്‍ ഒരേ സമയം 15,000 പേര്‍ക്ക് വിവാഹാം കാണം. 6000 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണ് തയ്യാറാക്കിയിരിക്കുന്നത്.

വെണ്‍പാലവട്ടത്താണ് സിനിമാ സെറ്റിനെയും വെല്ലുന്ന രീതിയില്‍ വിവാദ വേദി ഒരുക്കിയിരിക്കുന്നത്.മൈസൂര്‍ കൊട്ടാരത്തിന് സമാനമായി ഒരുക്കിയ വേദിയിലേക്കാണ് വരനെയും അതിഥികളെയും സ്വീകരിക്കുന്നത്. വിവാഹവേദി അക്ഷര്‍ദാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഒരുക്കിയത്. രാജ്യത്തെ അറിയപ്പെടുന്ന ശില്‍പ്പികളുടെ മേല്‍നോട്ടത്തിലായിരുന്നു രൂപകല്‍പ്പന.

കല്യാണപ്പന്തലിലേക്ക് വധൂവരന്മാരെ ആനയിക്കുന്നത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയാണെന്നാണ് അറിയുന്നത്.

120 ദിവസം കൊണ്ട് 40 പേര്‍ പണിയെടുത്താണ് വിവാഹ വേദി തയ്യാറാക്കിയിരിക്കുന്നത്. നൂറിലധികം വിഭവങ്ങളാണ് വിവാഹത്തിന് ഒരുക്കുന്നത്. അന്തര്‍ദേശീയ പരിപാടികളുടെ അണിയറക്കാരായ സാങ്കേതിക വിദഗ്ദരാണ് വെളിച്ചവും ശബദവും നിയന്ത്രിക്കുന്നത്.

എന്നാല്‍ നോട്ട് അസാധുവാക്കിയ ഈ ഘട്ടത്തില്‍ ഇത്രയും പണം ചിലവഴിച്ച് എങ്ങനെയാണ് ഇത്രയും ആഡംബരത്തില്‍ വിവാഹം നടത്തുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ അതിന് ബിജു രമേശ് പറയുന്ന മറുപടി ഇങ്ങനെയാണ്.

നോട്ട് അസാധുവാക്കല്‍ നടപടി തന്നെ വല്ലാതെ വലച്ചു. സര്‍ക്കാര്‍ അനുവദിച്ച രണ്ടര ലക്ഷത്തിന് പുറമെ ഓരോ അക്കൗണ്ടില്‍ നിന്നും വരുന്ന പണമെടുത്തും തന്റെ ബിസിനസില്‍ നിന്ന് കിട്ടിയ ലാഭം ഉപയോഗിച്ചുമാണ് വിവാഹത്തിനാവശ്യമായ പണം സംഘടിപ്പിച്ചതെന്നുമാണ് ബിജു രമേശിന്റെ വാക്കുകള്‍.

ഒപ്പം തന്റെ സുഹൃത്തുക്കളുടെ ബിസിനസില്‍ ിന്ന് കിട്ടുന്ന പണം കടമായി വാങ്ങുന്നതായി കാണിച്ച് ചെക്ക് നല്‍കിയും പണം സംഘടിപ്പിച്ചെന്ന് ബിജു രമേശ് പറയുന്നു.

അതേസമയം കര്‍ണാടകയില്‍ റെഡ്ഡിയുടെ ആഢംബരവിവാഹത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.

ഇരവരുടേയും വിവാഹനിശ്ചയത്തിന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു. വിവാഹത്തിനും എല്ലാ നേതാക്കളെയും ബിജുരമേശ് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

We use cookies to give you the best possible experience. Learn more