തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വന്‍ വെളിപ്പെടുത്തലുമായി ബിജു രമേശ്. കെ.എം. മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറിവരുമ്പോള്‍ പൂട്ടിയ ബാറുകള്‍ തുറന്നുനല്‍കാമെന്ന് സി.പി.ഐ.എം നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നതായാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണ് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതെന്നും വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും കണ്ടിരുന്നെന്നും ബിജു രമേശ് പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എല്‍.ഡി.എഫ് പാലംവലിച്ചുവെന്നും ബിജു രമേശ് പറയുന്നു.
ത്രീസ്റ്റാര്‍ വരെയുള്ള ബാറുകള്‍ തുറന്നാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തോടുള്ള പ്രതിഷേധമെന്ന നിലയില്‍, തുറക്കാവുന്ന ബാറുകളും നിലവില്‍ പൂട്ടിയിട്ടിരിക്കുകയാണ് ബിജു രമേശ്.
സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. മാണിക്കെതിരെ കേസ് നടത്താന്‍ തന്നെ പ്രോല്‍സാഹിപ്പിച്ചവര്‍ മറുവശത്തുകൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നതായും ബിജു രമേശ് പറഞ്ഞു.
ബാര്‍കോഴക്കേസില്‍ നിന്നും ഒഴിവാക്കി കെ.എം. മാണിയെ വെള്ളപൂശാന്‍ തയാറായാല്‍ എല്‍.ഡി.എഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരും.
തെളിവു ലഭിച്ചില്ലെന്ന് പറഞ്ഞ് ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തില്‍ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് കുറ്റപ്പെടുത്തി.