തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബാറുടമ ബിജു രമേശ്. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഇത് ഇന്ന് പറഞ്ഞ കാര്യമല്ല. 164 സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്ന സമയത്ത് മൂന്ന് പേരുടെ പേര് പറഞ്ഞിരുന്നു. രമേശ് ചെന്നിത്തല, ബാബു, ശിവകുമാര്‍ എന്നീ പേരുകള്‍ അന്ന് പറഞ്ഞിരുന്നു, ബിജു പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഭാര്യ തന്നെ വിളിച്ച കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞതില്‍ താന്‍ ഖേദിക്കുന്നുവെന്നും ബിജു രമേശ് പറഞ്ഞു. അതിനുശേഷം ചെന്നിത്തല തന്നെ വിളിച്ചുവെന്നും ഒരു കാരണവശാലും തന്റെ പേര് പറയരുതെന്ന് അഭ്യര്‍ത്ഥിച്ചതായി ബിജു രമേശ് പറയുന്നു.
‘ചെന്നിത്തലയ്ക്ക് ദൈവവിശ്വാസമുണ്ടെങ്കില്‍ ഒന്ന് സത്യം ചെയ്യു. അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചിട്ടില്ല, അഭ്യര്‍ത്ഥിച്ചിട്ടില്ല, പറഞ്ഞിട്ടില്ല എന്ന് സത്യം ചെയ്യാമോ? കേസ് അദ്ദേഹം കൊടുക്കുകയാണെങ്കില്‍ കൊടുക്കട്ടെ. ഞാന്‍ തെളിയിക്കാം. ഇപ്പോഴും സത്യം തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്, ബിജു പറഞ്ഞു.
ചെന്നിത്തല തന്നെ വിളിച്ചത് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ നമ്പറില്‍ നിന്നാണെന്നും തല്‍ക്കാലം ആ പേര് വെളിപ്പെടുത്തുന്നില്ലെന്നും ബിജു പറഞ്ഞു.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങളില്‍ ബിജു രമേശിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബിജുവിന്റെ പ്രതികരണം.
തനിക്കെതിരായ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
ബിജു രമേശ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിജു രമേശ് മുഖ്യന്ത്രിക്കെതിരെയും ബാര്‍ കോഴക്കേസില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കെ. എം മാണി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ബാര്‍ കോഴക്കേസില്‍ അന്വേഷണം നിര്‍ത്തിവെച്ചതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക