| Sunday, 2nd November 2014, 1:08 pm

തനിക്ക് വധഭീഷണിയുണ്ടെന്ന് ബിജു രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തനിക്ക് വധഭീഷണിയുണ്ടെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ്. ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് പത്രസമ്മേളനം നടത്തണമെന്നും ഇല്ലെങ്കില്‍ വധിക്കുമെന്നാണ് ഭീഷണിയെന്നും ബിജു രമേശ് പറഞ്ഞു.

ഇത് സംബന്ധിച്ച് ഇമെയില്‍ ഭീഷണി മുഴക്കിയത് കേരള കോണ്‍ഗ്രസ് നേതാവ് പി.ടി ജോസാണെന്നും ബിജു രമേശ് ആരോപിച്ചു. തന്നെ നശിപ്പിച്ചുകളയുമെന്നാണ് ഇമെയില്‍ ഭീഷണിയെന്നും ബിജു പറഞ്ഞു. ബിജു രമേശിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കെ.എം മാണിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജു വധഭീഷണിയുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

ബാറുകള്‍ തുറയ്ക്കാന്‍ കെ.എം മാണി അഞ്ച് കോടി രൂപ കോഴവാങ്ങിയെന്ന ആരോപണവുമായി കഴിഞ്ഞദിവസമാണ് ബിജു രമേശ് രംഗത്തെത്തിയത്. ഒരു കോടി രൂപ മന്ത്രിക്ക് നല്‍കി. ബാര്‍ ഉടമ അസോസിയേഷന്‍ നേരിട്ടാണ് പണം കൈമാറിയതെന്നും ബിജു വെളിപ്പെടുത്തിയിരുന്നു. ഇത് വന്‍ രാഷ്ട്രീയ ചര്‍ച്ചയായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ധനമന്ത്രിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറാന്‍ താന്‍ തയ്യാറാണെന്നും ബിജു രമേശ് അറിയിച്ചിട്ടുണ്ട്. അതേസമയം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതില്‍ താന്‍ തൃപ്തനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയ്‌ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഇത് സര്‍ക്കാരിന് കീഴിലുള്ള വിജിലന്‍സ് വകുപ്പ് അന്വേഷിക്കുന്നത് നീതിയല്ല. തെളിവുകള്‍ നശിപ്പിക്കാനാണ് ഇത് സഹായിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more