| Wednesday, 20th June 2018, 9:22 am

ബിജു രാധാകൃഷ്ണന് പരോളില്ല: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. അഞ്ചു വര്‍ഷമായി ജയിലില്‍ തുടരുന്ന തനിക്ക് പരോള്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ബിജു രാധാകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

സംഭവത്തില്‍ ജയില്‍ ഡി.ജി.പിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. ജീവപര്യന്തം തടവിനാണ് ബിജു രാധാകൃഷ്ണനെ ശിക്ഷിച്ചിട്ടുള്ളത്. ജീവ പര്യന്തം തടവനുഭവിക്കുന്ന ഒരാള്‍ക്ക് രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പരോള്‍ അനുവദിക്കാം.

ജില്ലാ പ്രൊബേഷണറി ഓഫീസറും പൊലീസും നല്‍കുന്ന അനുകൂല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ ലഭിക്കുക. പ്രൊബേഷണറി ഓഫീസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പൊലീസ് റിപ്പോര്‍ട്ട് എതിരാണ്.


Also Read  ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ: പുറത്തറിയാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതായി പരാതി


ഇത് ചൂണ്ടിക്കാട്ടിയാണ് ബിജു രാധാകൃഷ്ണന്റെ അഭിഭാഷക നിഷ കെ പീറ്റര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലേയും ഹിമാലയ ചിട്ടി ഫണ്ട് കേസിലേയും ഭാസ്‌ക്കരന്‍ കാരണവര്‍ കേസിലേയും പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുമ്പോള്‍ ബിജു രാധാകൃഷ്ണന് പരോള്‍ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് നിഷ കെ പീറ്റര്‍ പരാതിയില്‍ ഉന്നയിച്ചു.

വൃദ്ധയായ അമ്മയെ കാണാനും ചികിത്സ തുടരാനും പരോള്‍ അനുവദിക്കണമെന്നാണ് ആവശ്യം.

We use cookies to give you the best possible experience. Learn more