| Tuesday, 27th March 2018, 9:32 am

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ 'ഗുരുതരരോഗി'; ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍ ബിജുവിന്റെ പേരും ഉള്‍പ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില്‍രേഖകളില്‍ ഗുരുതര രോഗിയായി മാറ്റാന്‍ ശ്രമം. ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് നല്‍കിയ പട്ടികയിലാണു ബിജു രാധാകൃഷ്ണന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്.

സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ശിക്ഷായിളവ് ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യത്തിനു പരിഗണിക്കരുതെന്നു നിയമം നിലനില്‍ക്കെയാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബിജുവിനെ ഗുരുതര രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത്.


ALSO READ: നിസ്സാന്‍ ഡിജിറ്റല്‍ ഹബ്: ക്രെഡിറ്റ് അവകാശപ്പെട്ട് ശശി തരൂരും കണ്ണന്താനവും തമ്മില്‍ പോര് രൂക്ഷമാകുന്നു


പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുളള തടവുകാരുടെ പട്ടിക മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നീ തടവുകാരെ പരിശോധിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണു മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുക.


MUST READ: ബി.ജെ.പി അധികാരത്തിലുള്ളിടത്തെല്ലാം വര്‍ഗീയ സംഘര്‍ഷം നടക്കുന്നു; കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും യുവജനങ്ങളും കേന്ദ്രത്തിനെതിരെ സമരത്തിലെന്നും പിണറായി


വിവിധ കേസുകള്‍ക്കായി കോടതിയില്‍ എത്തിക്കുമ്പോഴെല്ലാം തനിക്കു മാരക രോഗങ്ങളുണ്ടെന്നു ബിജു രാധാകൃഷ്ണന്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ജയില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പലവട്ടം നടത്തിയ പരിശോധനയില്‍ ഗുരുതരരോഗം കണ്ടെത്തിയില്ലെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു.

വയറുവേദന, കാല്‍മുട്ടുവേദന തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞാണ് ബിജുവിനെ മുന്‍പ് ആശുപത്രികളില്‍ എത്തിച്ചിട്ടുള്ളത്. രോഗമുണ്ടെന്നു വീണ്ടും പരാതിപ്പെടുന്നതിനാലാണു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ പട്ടികയില്‍ ബിജുവിനെയും ഉള്‍പ്പെടുത്തിയതെന്നു ജയില്‍ അധികൃതര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more