ബിജു നല്‍കിയ രേഖകള്‍ കൈമാറാനൊരുങ്ങി ശെല്‍വിയുടെ കുടുംബം
Daily News
ബിജു നല്‍കിയ രേഖകള്‍ കൈമാറാനൊരുങ്ങി ശെല്‍വിയുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th December 2015, 3:02 pm

biju-radhakrishnan-2
കോയമ്പത്തൂര്‍: മുഖ്യമന്ത്രിക്കും രണ്ട് മന്ത്രിമാര്‍ക്കുമെതിരെ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ തങ്ങളുടെ കയ്യിലുണ്ടെന്നും അത് ബിജുരാധാകൃഷ്ണന് മാത്രമേ കൈമാറൂ എന്നും കോയമ്പത്തൂര്‍ സ്വദേശിനി ശെല്‍വിയുടെ കുടുംബം പറഞ്ഞു. മധ്യസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ശെല്‍വിയുടെ വീട്ടുകാര്‍ രേഖകള്‍ കൈമാറാമെന്ന് സമ്മതിച്ചത്.

മുഖ്യമന്ത്രി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ബിജു രാധാകൃഷ്ണന്‍ നടത്തിയ ലൈംഗിക ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ്  ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡി കണ്ടെത്താന്‍ പോലീസ് സംഘം കോയമ്പത്തൂരിലെത്തിയത്. കോയമ്പത്തൂരുള്ള ശെല്‍വി എന്ന സ്വര്‍ണപണിക്കാരിയുടെ പക്കലാണ് സി.ഡികള്‍ ഉണ്ടെന്ന് ബിജു രാധാകൃഷ്ണനാണ് പോലീസിനോട് പറഞ്ഞത്.

ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെയാണ് ബിജുരമേശിനൊപ്പം പോലീസ് സംഘം യാത്ര തിരിച്ചത്. മൂന്ന് കമ്മീഷന്‍ അംഗങ്ങളും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് യാത്രതിരിച്ചിരിക്കുന്നത്.

തനിക്കൊപ്പം വരുന്ന ആറംഗ സംഘത്തില്‍ വിശ്വാസമില്ലെന്നും തന്റെ അഭിഭാഷകനെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കമ്മീഷന്‍ ഇത് നിഷേധിച്ചു. എന്നാല്‍ സിഡി കണ്ടെടുക്കാന്‍ തന്നോടൊപ്പം അകമ്പടി വരുന്ന പൊലീസുകാരുടെ മൊബൈല്‍ ഫോണ്‍ വാങ്ങി വെയ്ക്കണമെന്നും തെളിവുകള്‍ എടുക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നുമുള്ള ബിജുവിന്റെ ആവശ്യം കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്.

ഇന്ന് സിഡി ഹാജരാക്കണമെന്നാണു  സോളാര്‍ കമ്മീഷന്‍ നര്‍ദേശിച്ചിരുന്നത്. സിഡി കേരളത്തിനു പുറത്താണെന്നും പത്തുമണിക്കൂറിനുള്ളില്‍ കൊണ്ടുവരാമെന്നും ബിജു കമ്മീഷനെ അറിയിച്ചിരുന്നു. ഒരു സെറ്റ് സിഡികള്‍ വിദേശത്തുണ്ടെന്നും ബിജു വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നുതന്നെ തെളിവുകള്‍ ശേഖരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് പ്രതി ബിജു രാധാകൃഷ്ണന്‍. തനിക്കും സരിതയ്ക്കും നുണ പരിശോധനവേണമെന്നും ബിജു കമ്മീഷനോട് ആവശ്യപ്പെട്ടു.

ജയിലില്‍ കഴിയുന്ന ആള്‍ക്ക് തെളിവു ഹാജരാക്കാനുള്ള സാഹചര്യം ഉണ്ടാവില്ലെന്ന കാര്യം അറിയാമെന്നു കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ന്നാണു കേരളത്തിനു പുറത്തേക്കു ബിജുവിനെ തെളിവു കണ്ടെത്താന്‍ കൊണ്ടുപോകുന്നതില്‍ തടസമുണ്ടോയെന്ന കാര്യം പരിശോധിച്ചത്.പല നിയമവശങ്ങളും അഭിഭാഷകര്‍ ഉയര്‍ത്തിയെങ്കിലും അതൊന്നും കമ്മീഷന്റെ അധികാരത്തിനു തടസമാകുന്നില്ലെന്നു സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി.

തുടര്‍ന്നു സിഡി കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്നു കമ്മീഷന്‍ അറിയിക്കുകയായിരുന്നു. അതുവരെ ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ കസ്റ്റഡിയില്‍ തുടരും.