കോയമ്പത്തൂര്‍: കൊയമ്പത്തൂരിലെ സ്വര്‍ണപ്പണിക്കാരി ശെല്‍വിയുടെ കുടുംബാംഗങ്ങള്‍ കൈമാറിയ പൊതിയില്‍ സിഡിയും പെന്‍ഡ്രൈവും കാണാനില്ലെന്ന് ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് പൊതിയില്‍ നിന്നും മാറ്റിയതാണെന്നും ബിജു പറഞ്ഞു. ബിജുവിന്റെ സര്‍ട്ടിഫിക്കറ്റുകളും സീലുകളും സിം കാര്‍ഡുകളും മാത്രമാണ് സഞ്ചിയില്‍ ഉള്ളത്. ലാപ്‌ടോപും കണ്ടെത്താനായില്ല.
താന്‍ ശെല്‍വിയുടെ പക്കലാണ് തെളിവുളടങ്ങിയ പൊതി നല്‍കിയതെന്ന ബിജുരാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ശെല്‍വിയുടെ വീട്ടിലെത്തിയത്. എന്നാല്‍ തങ്ങളുടെ കയ്യില്‍ ബിജു ഒന്നും തന്നിട്ടില്ലെന്ന് നിലപാടാണ് ശെല്‍വിയുടെ വീട്ടുകാര്‍ ആദ്യം സ്വീകരിച്ചത്. എന്നാല്‍ പിന്നീട് നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് ബിജു കൈമാറിയ പൊതി നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായത്.
ബിജുവിന് നേരിട്ടാണ് ഇവര്‍ പൊതി കൈമാറിയത്. എന്നാല്‍ മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരെയുള്ള ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട് തന്റെ പക്കലുണ്ടെന്ന് ബിജു അവകാശപ്പെടുന്ന സി.ഡി ഈ പൊതിയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് അവ ആരോ എടുത്തുമാറ്റിയതാണെന്ന വാദവുമായി ബിജു മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാല്‍ രണ്ട് വര്‍ഷം മുമ്പാണ് ബിജു സഞ്ചി തന്നെ എല്‍പ്പിച്ചതെന്ന് ബിജുവിന്റെ ബന്ധുകൂടിയായ ശെല്‍വി പറഞ്ഞു. ശെല്‍വിയുടെ അമ്മയുടെ അനുജത്തിയുടെ മകനാണ് ബിജു രാധാകൃഷ്ണന്‍. സഞ്ചിയില്‍ എന്താണുണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും കമ്മീഷന്റെ മുന്നില്‍ വെച്ച് തുറന്ന് നോക്കുമ്പോഴാണ് സഞ്ചിയില്‍ എന്താണെന്ന് പോലും ശ്രദ്ധിക്കുന്നതെന്നും ശെല്‍വി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ തെളിവുകളുടെ കോപ്പികള്‍ വിദേശത്തടക്കം വിവിധയിടങ്ങളിലായുണ്ടെന്ന് ബിജു നേരത്തെ അവകാശപ്പെട്ടിരുന്നു. സോളാര്‍ കമ്മീഷന് മുന്നില്‍ സി.ഡി ഹാജരാക്കാന്‍ പത്ത് മണിക്കൂര്‍ സമയമാണ് ബിജു ആവശ്യപ്പെട്ടത്. ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരിക്കാനായി ഇന്ന് ഉച്ചയ്ക്കാണ് ആറ് പേരടങ്ങുന്ന സംഘം ബിജുവിനൊപ്പം കോയമ്പത്തൂരേക്ക് പുറപ്പെട്ടത്.