| Friday, 12th April 2019, 2:52 pm

ഭാര്യയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഭാര്യ രശ്മിയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെ കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ബിജു രാധാകൃഷ്ണന്‍ കുറ്റം ചെയ്തുവെന്നതിന് തെളിവുകള്‍ ഇല്ലെന്നു പറഞ്ഞാണ് കോടതി നടപടി. ബിജുവിനു പുറമേ അദ്ദേഹത്തിന്റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്.

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണനെതിരെ ആരോപണമുയര്‍ന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ മരണവും ചര്‍ച്ചയായത്. ഭാര്യ രശ്മിയുടേത് കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. രശ്മിയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മരണം കൊലപാതകമാണെന്ന കണ്ടെത്തലില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്.

സരിത എസ്. നായരുമായുള്ള ബിജുവിന്റെ ബന്ധമാണ് രശ്മിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്.

കൊല്ലം സ്വദേശിയായ രശ്മിയെ ബിജു പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 2006 ഫെബ്രുവരി നാലിനാണ് വീട്ടിലെ കുളിമുറിയില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴഞ്ഞുവീണു മരിച്ചു എന്നാണ് ബിജു രാധാകൃഷ്ണന്‍ ബന്ധുക്കളോട് പറഞ്ഞത്.

എന്നാല്‍ സംശയങ്ങളെ തുടര്‍ന്ന് രശ്മിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ബിജു അറസ്റ്റിലായി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ സരിതയുമായി അടുപ്പം മുതലാക്കി ഉന്നതങ്ങളിലുള്ള ബന്ധം ഉപയോഗിച്ച് കേസിന്റെ അന്വേഷണം ബിജു അട്ടിമറിച്ചെന്നാണ് രശ്മിയുടെ ബന്ധുക്കള്‍ ആരോപിച്ചത്.

പിന്നീട് രശ്മിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കെമിക്കല്‍ അനാലിസിസ് ലാബില്‍ നിന്ന് പുറത്തുവന്നപ്പോഴാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചത്. മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊല നടത്തിയത് എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.

We use cookies to give you the best possible experience. Learn more