'നുണപരിശോധനയ്ക്ക് ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിക്കുന്നു'; ബംഗലൂരു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി പരാതിക്കാരനെ സ്വാധീനിച്ചെന്ന് ബിജു രാധാകൃഷ്ണന്‍
Daily News
'നുണപരിശോധനയ്ക്ക് ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിക്കുന്നു'; ബംഗലൂരു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി പരാതിക്കാരനെ സ്വാധീനിച്ചെന്ന് ബിജു രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th October 2017, 9:57 pm

 

തിരുവനന്തപുരം: ബംഗലൂരു സോളാര്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി പരാതിക്കാരനെ സ്വാധീനിച്ചെന്ന് ബിജു രാധാകൃഷ്ണന്‍. സോളാറിലെ രണ്ട് കേസുകളില്‍ ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പങ്കുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും അഭിഭാഷകയ്ക്ക് നല്‍കിയ കത്തില്‍ ബിജു രാധാകൃഷ്ണന്‍ ആരോപിച്ചു.

കേസില്‍ ബലിയാടാകുകയായിരുന്നെന്നും തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്നും ജയിലില്‍ നിന്നും അഭിഭാഷകയ്ക്ക് കൈമാറിയ കത്തില്‍ ബിജു രാധാകൃഷ്ണന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സോളാറുമായി ബന്ധപ്പെട്ട് ബംഗലൂരു കേസില്‍ പരാതിക്കാരനായ എം.കെ കുരുവിളയെ 50 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി സ്വാധീനിച്ചെന്ന് കത്തില്‍ പറയുന്നു. ഇതുകൊണ്ടാണ് കുരുവിള തെളിവുകള്‍ ഹാജരാക്കാതിരുന്നതെന്നും ബിജു പറയുന്നു.


Also Read: ശ്രീശാന്തിനു ഒരു രാജ്യത്തിനു വേണ്ടിയും കളിക്കാനാകില്ല; നിലപാട് കടുപ്പിച്ച് ബി.സി.സി.ഐ


2000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടിന് സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നിയമം നിയമസഭയില്‍ കൊണ്ടു വരുന്നതിന് മൂന്നു കോടി രൂപ ആവശ്യപ്പെട്ട ഉമ്മന്‍ ചാണ്ടി ഒരു കോടി രൂപ ടെനി ജോപ്പന് നേരിട്ട് നല്‍കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി പഠിച്ച കള്ളനാണെന്നും നുണപരിശോധന നടത്താന്‍ തയ്യാറാണോ എന്നും ബിജു വെല്ലുവിളിക്കുന്നു.

ടീം സോളാറില്‍ മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പങ്കുണ്ടെന്നും ബിജു പറയുന്നു. ഇതിലൊരാള്‍ ഗണേഷ് കുമാറിന് വേണ്ടി പത്തനാപുരത്ത് പ്രചരണത്തിനെത്തിയിരുന്നെന്നും മറ്റൊരാള്‍ക്ക് വേണ്ടിയാണ് ഗണേഷ് ജയിലില്‍ പോയി കണ്ടെതെന്നും ബിജു ആരോപിക്കുന്നു.

കത്ത് തിങ്കളാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറുമെന്ന് ബിജുവിന്റെ അഭിഭാഷക വ്യക്തമാക്കി.