|

സോളാര്‍ കേസില്‍ കെ.ബി ഗണേഷ് കുമാറിനെ പ്രതി ചേര്‍ക്കണമെന്ന് ബിജു രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയെ പ്രതി ചേര്‍ക്കണമെന്ന് ബിജു രാധാകൃഷ്ണന്‍.

കേസില്‍ ഗണേഷ് കുമാറിനെതിരായ തെളിവുകള്‍ പുതിയ അന്വേഷണ സംഘത്തിന് നല്‍കാന്‍ തയ്യാറാണെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിഡി അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും സോളാര്‍ അന്വേഷ റിപ്പോര്‍ട്ട് അംഗീകരിക്കുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. രശ്മി കേസില്‍ തന്നെ പ്രതിയാക്കിയത് അതിന് വേണ്ടിയാണെന്നും ബിജു ആരോപിച്ചു.


Dont Miss ടി.പി കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കണ്ടാല്‍മതി: സോളാര്‍ കേസില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളോട് വി.ടി ബല്‍റാം


സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെയും പിഎ പ്രദീപിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ജയിലില്‍ കഴിഞ്ഞതിന് ശേഷം ഗണേഷിന്റെ പിഎ പ്രദീപിനെ കണ്ടതായി സരിത സോളാര്‍ കമ്മീഷനു മൊഴി നല്‍കിയിരുന്നു.

ഇക്കാര്യങ്ങളുടെ സത്യാവസ്ഥ അറിയുന്നതിന് ജസ്റ്റിസ് എന്‍ ശിവരാജന്‍ ഗണേഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കമ്മീഷനു മുന്നില്‍ നേരില്‍ ഹാജരായാണ് ഗണേഷ് കുമാര്‍ മൊഴി നല്‍കിയത്.

സോളാര്‍ കേസില്‍ ഷിബു ബേബി ജോണിന്റെ പേര് ഉയര്‍ന്നു വന്ന ഘട്ടത്തില്‍ കേസില്‍ തന്റെ പേര് വലിച്ചിഴയ്ക്കാന്‍ സരിതയെ പ്രേരിപ്പിച്ചത് കെബി ഗണേഷ് കുമാറാണെന്ന് ഷിബു ബേബി ജോണ്‍ 2016ല്‍ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം പുതിയ ആരോപണവുമായി സരിത എസ് നായര്‍ വീണ്ടും രംഗത്തെത്തി. സോളാര്‍ കേസുമായി ബന്ധപ്പെട്ടല്ലാതെയും താന്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ഇതുചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ മകനടക്കം ആറുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും പുതിയ അന്വേഷണ സംഘത്തിന് മുന്നില്‍ ഇക്കാര്യംപറയുമെന്നും സരിത പറഞ്ഞു.