മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതില്‍ സംവിധായിക സുധ കൊങ്കാരക്ക് നന്ദി പറഞ്ഞ് അപര്‍ണ ബാലമുരളി. സിനിമ ഇനിയും പഠിക്കാനുണ്ടെന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരുപാട് സന്തോഷം. പിന്തുണച്ചവര്‍ക്ക് നന്ദി. സുധാ മാമിനോടാണ് നന്ദി പറയുന്നത്. സുധ മാം അര്‍പ്പിച്ച വിശ്വാസം കാരണമാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്. കലാകാരി എന്ന നിലയില്‍ എനിക്ക് ഒരുപാട് സമയം നല്‍കി. എനിക്ക് പറ്റുന്ന അത്രയും ഞാന് ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് പഠിക്കണമെന്നുണ്ട്. വലിയ ധാരണയില്ലാതെ സിനിമയിലേക്കെത്തിയ ആളാണ്. ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്.
ഈ അവസരത്തില്‍ തനിക്ക് ഓര്‍ക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോട് മാത്രമാണെന്നാണ് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച ബിജു മേനോന്‍ പ്രതികരിച്ചത്. പുരസ്‌കാരം സച്ചിക്കും തന്റെ അച്ഛനും അമ്മയ്ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ബിജു മേനോന്‍ പ്രതികരിച്ചു.
‘രണ്ട് വര്‍ഷം മുന്‍പ് കഴിഞ്ഞൊരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ്. ഓര്‍ക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോടാണ്. ഇത്രയും നല്ല കഥാപാത്രം, നല്ലൊരു സിനിമ തന്നതിന് സച്ചിയോടും ദൈവത്തോടും നന്ദി പറയുന്നു. ഒപ്പം ഉണ്ടായിരുന്ന എല്ലാവരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു. മുന്നോട്ട് പോകുന്നതിനുള്ള പ്രചോദനമാണ് ഓരോ പുരസ്‌കാരവും. നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതിന് പുരസ്‌കാരങ്ങള്‍ പ്രചോദനമാണ്.
ഈ സിനിമയുടെ തുടക്കം മുതല്‍ ഞാനുണ്ടായിരുന്നു. ഈ സന്തോഷം കാണാന്‍ സച്ചിയില്ലെന്നതാണ് വിഷമം. ഒരുപാട് സിനിമകള്‍ മത്സരത്തിലുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. അവര്‍ക്ക് ഒരുപാട് ബുദ്ധിമുട്ട് നേരിട്ടുണ്ടായിരുന്നു അവാര്‍ഡ് പ്രഖ്യാപിക്കാന്‍ എന്നാണ് അറിഞ്ഞത്.
സിനിമകള്‍ നല്ലത് നോക്കി തന്നെയാണ് ചെയ്യുന്നത്. നല്ല നിലയില്‍ മുന്നോട്ട് പോകാന്‍ പറ്റുന്നുണ്ട്. മലയാള സിനിമ നല്ല രീതിയില്‍ വളര്‍ന്നു പോകുന്നുണ്ട്. മറ്റ് ഭാഷക്കാരെല്ലാം മലയാള സിനിമ കൂടുതലായി കാണുന്നുണ്ട്. നല്ല കാര്യമാണ്,’ ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു.
മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവ്ഗണും പങ്കുവെച്ചു. മികച്ച ചിത്രമായി സൂരരൈ പോട്ര് തെരഞ്ഞെടുത്തു. അയ്യപ്പനും കോശിയും സിനിമയുടെ സംവിധാനത്തിന് അന്തരിച്ച കലാകാരന്‍ സച്ചി മികച്ച സംവിധായകനായി.
Content Highlight: biju Menon, who won the best supporting actor award, responded that he has only Sachi to remember and thank