| Thursday, 17th March 2022, 12:16 pm

മകന്റെ കാര്യങ്ങള്‍ ആര് നോക്കും, ഫാമിലിയാര് നോക്കും; സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തിന് ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. 1999-ല്‍ പുറത്തിറങ്ങിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’, ‘തെങ്കാശിപട്ടണം’, ‘മഴ’, ‘മധുരനൊമ്പരക്കാറ്റ്’, ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ തുടങ്ങി നാലുവര്‍ഷത്തെ കരിയറില്‍ ഓര്‍മിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളാണ് സംയുക്ത ചെയ്തത്.

2002ല്‍ റിലീസായ തെങ്കാശിപ്പട്ടണം എന്ന സിനിമയിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്.

വിവാഹശേഷം താരം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. എങ്കില്‍ പോലും വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ചെയ്ത ഒരുപിടി വേഷങ്ങളിലൂടെ ഇപ്പോഴും നടി പ്രേക്ഷക ഹൃദയങ്ങളിലുണ്ട്.

സിനിമ പ്രേമികളെല്ലാം താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ഇതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ പലപ്പോഴും ബിജു മേനോനോട് പലരും ചോദിക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ലളിതം സുന്ദരത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണവേ വീണ്ടും ബിജു മേനോന്‍ ഈ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു.

സംയുക്ത വര്‍മയുടെ തിരിച്ചുവരവിനെ കുറിച്ച് അടുത്ത സുഹൃത്ത് കൂടിയായ നടി മഞ്ജു വാര്യരോട് ചോദിച്ചപ്പോള്‍ താന്‍ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നുവെന്ന് ബിജു മേനോന്‍ ഇടയ്ക്ക് കയറി പറയുകയായിരുന്നു.

”ആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. സംയുക്ത വര്‍മ തിരിച്ചു വരാന്‍ അവളെവിടെയാണ് പോയത്. അവള്‍ അവിടെയുണ്ട്.

സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് ഒരുപാട് കുടുബകാര്യങ്ങളില്ലേ, ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ നോക്കണം. രണ്ടു പേരും കൂടെ വര്‍ക്ക് ചെയ്യ്താല്‍ മകന്റെ കാര്യങ്ങള്‍ ആര് നോക്കും. ഫാമിലിയാര് നോക്കും. ഞങ്ങള്‍ക്ക് അങ്ങനയെ ചെയ്യാന്‍ പറ്റുള്ളു. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം. പക്ഷെ രണ്ടും കൂടി നോക്കണ്ടേ,’ ബിജു മേനോന്‍ പറഞ്ഞു.

ഈ തീരുമാനങ്ങളെല്ലാം എടുത്തത് സംയുക്ത തന്നെയാണെന്നും, അത് തനിക്ക് നേരിട്ടറിയാമെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

മീര ജാസ്മിന്‍, നവ്യ നായര്‍, ഭാവന എന്നിവരുടെ തിരിച്ചു വരവില്‍ താന്‍ ഒരുപാട് സന്തുഷ്ടയാണെന്നും, നവ്യ നായരുടെ തിരിച്ചു വരവില്‍ താന്‍ പ്രചോദനമായിരുന്നില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്.

‘മീര ജാസ്മിന്‍, നവ്യ നായര്‍, ഭാവന ഇവരെല്ലാം എന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരൊക്ക സിനിമ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമാണ്.

നവ്യ എന്നോടുള്ള സ്നേഹം കാരണം പറയുന്നതാണ്. നവ്യ നായരുടെ തിരിച്ചു വരവില്‍ ഞാന്‍ പ്രചോദനമായിരുന്നില്ല. നവ്യയ്ക്ക് സിനിമ ചെയ്യണമെന്ന സ്പാര്‍ക്കില്ലാതെ അത് സംഭവിക്കില്ലായിരുന്നു. അതു കൊണ്ട് അതിന്റെ ക്രെഡിറ്റുകളെല്ലാം നവ്യയ്ക്ക് തന്നെയാണ്, എനിക്കല്ല,’ മഞ്ജു പറയുന്നു.

മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ലളിതം സുന്ദരം എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം ഒരു കോമഡി ഡ്രാമ ചിത്രമാണ്.

സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കൊച്ചുമോനൊപ്പം മഞ്ജു വാര്യരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിപാല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബി. കെ. ഹരിനാരായണനാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്. സിനിമ മാര്‍ച്ച് 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.


Content Highlight: Biju Menon to the question about the return of Samyukta varma into films 

We use cookies to give you the best possible experience. Learn more