| Tuesday, 13th February 2024, 9:37 am

മമ്മൂക്കയുടെ ശബ്ദവുമായുള്ള സാമ്യം ഫേക്ക് ചെയ്ത് മാറ്റാന്‍ ശ്രമിച്ചു; ആദ്യം കുറച്ചുകാലം ബുദ്ധിമുട്ടി: ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ആദ്യം ചെയ്യുന്ന കഥാപാത്രങ്ങളുടെ ശബ്ദം മാറി നിന്ന് കേട്ടാല്‍ മമ്മൂട്ടിയുടെ ശബ്ദമാണെന്ന് തോന്നുമായിരുന്നു എന്ന് ബിജു മേനോന്‍. മുമ്പ് തന്റെ ശരിക്കുമുള്ള ശബ്ദവുമായി മമ്മൂട്ടിയുടെ ശബ്ദത്തിന് സാമ്യമുള്ളത് കാരണം താന്‍ ഫേക്ക് ചെയ്ത് മാറ്റണമായിരുന്നുവെന്നും താരം പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ശബ്ദത്തിന് മമ്മൂട്ടിയുടെ ശബ്ദത്തോട് സാമ്യമുള്ളത് എപ്പോഴെങ്കിലും ഒരു പ്രശ്‌നമായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിജു മേനോന്‍.

പണ്ടുള്ള തന്റെ കഥാപാത്രങ്ങളുടെ ഡയലോഗുകളൊക്കെ സീരിയസായിരുന്നുവെന്നും ആര്‍ഗ്യുമെന്റ്‌സാകുമ്പോള്‍ എങ്ങനെ പോയാലും മമ്മൂട്ടിയുടെ ശബ്ദവുമായി സാമ്യം വരുമെന്നും താരം പറഞ്ഞു.

ബോധപൂര്‍വം താന്‍ അത് മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പറയുന്ന താരം ആദ്യം കുറച്ചുകാലം ബുദ്ധിമുട്ടായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

‘ആദ്യമൊക്കെ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ ശബ്ദമൊക്കെ മാറി നിന്ന് മുഖം നോക്കാതെ കേട്ടാല്‍ മമ്മൂക്ക ആണെന്ന് തോന്നുമായിരുന്നു. എന്റെ നോര്‍മല്‍ ശബ്ദവുമായി മമ്മൂക്കയുടെ ശബ്ദത്തിന് സാമ്യമുള്ളത് കാരണം ഞാന്‍ ഫേക്ക് ചെയ്ത് മാറ്റണമായിരുന്നു.

പിന്നെ അന്നത്തെ ഡയലോഗുകളൊക്കെ സീരിയസ് ആയിരുന്നു. ആര്‍ഗ്യുമെന്റ്‌സ് ഒക്കെ ആകുമ്പോള്‍ എങ്ങനെ പോയാലും അദ്ദേഹത്തിന്റെ ശബ്ദവുമായി സാമ്യം വരും.

പിന്നെ ബോധപൂര്‍വം ഞാന്‍ മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യം കുറച്ചുകാലം ബുദ്ധിമുട്ടായിരുന്നു,’ ബിജു മേനോന്‍ പറയുന്നു.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുണ്ട്. ഫെബ്രുവരി 16ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം നവാഗതനായ റിയാസ് ഷെരീഫാണ് സംവിധാനം ചെയ്തത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ – ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Content Highlight: Biju Menon Talks About The similarity Of His voice With Mammootty’s Voice

We use cookies to give you the best possible experience. Learn more