Film News
'ബുജി മേനോനാണ് നല്ലത്'; ആ ചിത്രത്തിന്റെ റീമേക്കിന് വന്ന കമന്റ്; അദ്ദേഹം അവിടുത്തെ സൂപ്പര്‍ സ്റ്റാര്‍: ബിജു മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 09, 03:29 am
Friday, 9th February 2024, 8:59 am

2020ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. സംവിധായകനെന്ന നിലയില്‍ സച്ചിയുടെ അവസാന ചിത്രമായിരുന്നു അയ്യപ്പനും കോശിയും.

ഈ സിനിമയിലൂടെ 68ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ബിജു മേനോന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു. ചിത്രം 2022ല്‍ ‘ഭീംല നായക്’ എന്ന പേരില്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. പവന്‍ കല്യാണും റാണ ദഗുബതിയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

ഭീംല നായക് തെലുങ്കില്‍ ഹിറ്റായിരുന്നെങ്കിലും മലയാളികളില്‍ നിന്ന് നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ച് പറയുകയാണ് ബിജു മേനോന്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയ്യപ്പനും കോശിയും, ഭീംല നായക് എന്നീ സിനിമകള്‍ കണ്ട ശേഷം മറ്റൊരു ഭാഷക്കാരന്‍ ബുജി മേനോനാണ് നല്ലത് എന്ന കമന്റ് ഇട്ടിരുന്നു. ആ സിനിമക്ക് ഒരുപാട് ട്രോളുകളും ലഭിച്ചിരുന്നു. ഇത്തരത്തില്‍ ചിത്രം റീമേക്ക് ചെയ്യപ്പെടുന്നതിനെ എങ്ങനെയാണ് കാണുന്നത്’ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ബിജു മേനോന്‍.

‘ഓരോ ഭാഷക്കും അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടാകും. നമ്മള്‍ ഒരു തെലുങ്ക് സിനിമ മലയാളത്തില്‍ കൊണ്ടുവന്ന് റീമേക്ക് ചെയ്യുമ്പോള്‍ നമ്മുടേതായ മാറ്റം കൊണ്ടുവരും. പിന്നെ ആ സിനിമ ആര് ചെയ്യുന്നു എന്നത് ഒരു ഘടകമാണ്.

ഈ വ്യക്തി അവിടുത്തെ സൂപ്പര്‍ സ്റ്റാറാണ്. ആളില്‍ നിന്ന് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന സ്റ്റാര്‍ഡത്തിന് അനുസരിച്ച് അവര്‍ മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവികമാണ്. അവിടെ ആ സിനിമ വലിയ ഹിറ്റാണ്,’ ബിജു മേനോന്‍ പറഞ്ഞു.

അദ്ദേഹം കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുണ്ട്’. നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് കഥാപാത്രമായാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്.


Content Highlight: Biju Menon Talks About Remake Of Ayyappanum Koshiyum