'വിക്ടര്‍' പ്രണയവര്‍ണ്ണങ്ങളില്‍ നഷ്ടപ്രണയത്തിന് വേണ്ടിയല്ല താടി വെച്ചത്: ബിജു മേനോന്‍
Film News
'വിക്ടര്‍' പ്രണയവര്‍ണ്ണങ്ങളില്‍ നഷ്ടപ്രണയത്തിന് വേണ്ടിയല്ല താടി വെച്ചത്: ബിജു മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th February 2024, 1:46 pm

തുടക്കം തൊട്ടേ തനിക്ക് താടി ഉണ്ടായിരുന്നെന്നും ജീവിതത്തില്‍ ആദ്യമായി താന്‍ ഷേവ് ചെയ്യുന്നത് സംവിധായകന്‍ ഫാസിലിന് വേണ്ടിയാണെന്നും ബിജു മേനോന്‍. ഫാസില്‍ തന്നെ ഷേവ് ചെയ്ത് കാണണമെന്ന് പറയുകയായിരുന്നെന്നും താരം പറഞ്ഞു.

പക്ഷേ എപ്പോള്‍ അവസരം വന്നാലും താന്‍ താടി വെക്കുമായിരുന്നെന്നും പ്രണയവര്‍ണ്ണങ്ങള്‍ സിനിമയില്‍ ആ ലുക്കില്‍ അങ്ങനെ വന്ന് പെട്ടതാണെന്നും ബിജു മേനോന്‍ പറയുന്നു. അല്ലാതെ നഷ്ടപ്രണയത്തിന് വേണ്ടി താടി വെച്ചതായിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ബിജു മേനോന്‍. അത്രയും നാള്‍ കട്ടിമീശ മാത്രമുള്ള ലുക്കില്‍ നിന്ന് പിന്നെ താടിയുള്ള ലുക്കിലേക്ക് മാറിയത് ആ സിനിമക്ക് വേണ്ടിയായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈ കാര്യം പറഞ്ഞത്.

‘തുടക്കം തൊട്ടേ എനിക്ക് താടി ഉണ്ടായിരുന്നു. ലൈഫില്‍ ആദ്യമായി ഞാന്‍ ഷേവ് ചെയ്യുന്നത് ഫാസില്‍ സാര്‍ എന്നെ ഷേവ് ചെയ്ത് കാണണം എന്ന് പറഞ്ഞപ്പോഴാണ്. പക്ഷേ എപ്പോള്‍ അവസരം വന്നാലും ഞാന്‍ താടി വെക്കുമായിരുന്നു. ഒരു പടം കഴിഞ്ഞ് അടുത്ത പടത്തില്‍ എന്താകും നമ്മുടെ ലുക്കെന്ന് അറിയില്ലല്ലോ.

അതുവരെ താടി വളരട്ടെയെന്ന് കരുതും. പ്രണയവര്‍ണ്ണങ്ങളില്‍ ആ ലുക്കില്‍ അങ്ങനെ വന്ന് പെട്ടതാണ്. അല്ലാതെ നഷ്ടപ്രണയത്തിന് വേണ്ടി താടി വെച്ചതായിരുന്നില്ല. അതുവേറെ ഏതോ പടത്തിന്റെ ഇടയില്‍ വന്ന് ചെയ്ത കഥാപാത്രമായിരുന്നു,’ ബിജു മേനോന്‍ പറയുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് പ്രണയവര്‍ണ്ണങ്ങളിലെ വിക്ടര്‍. സിബി മലയില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ബിജു മേനോന് പുറമെ സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.

വിക്ടര്‍ എന്ന കഥാപാത്രത്തെ ഇന്നത്തെ പോലെ മുമ്പ് ചെറുപ്പക്കാര്‍ ഏറ്റെടുത്തിരുന്നോ എന്ന ചോദ്യത്തിനും അഭിമുഖത്തില്‍ ബിജു മേനോന്‍ മറുപടി പറഞ്ഞു.

ആ കഥാപാത്രത്തെ അന്ന് ആളുകള്‍ കാര്യമായി ഏറ്റെടുത്തിരുന്നില്ലെന്നും ഒരു ശോക കഥാപാത്രമായാണ് കണ്ടതെന്നും താരം പറഞ്ഞു. ഒപ്പം ആളുകള്‍ ഇന്നത്തെ പോലെ ആക്‌സെപ്റ്റ് ചെയ്തിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിക്ടറിനെ അന്ന് ആളുകള്‍ കാര്യമായി ഏറ്റെടുത്തിരുന്നില്ല. അന്ന് ഒരു ശോക കഥാപാത്രമായാണ് കണ്ടത്. ആളുകള്‍ ഇന്നത്തെ പോലെ ആക്‌സെപ്റ്റ് ചെയ്തിരുന്നില്ല,’ ബിജു മേനോന്‍ പറഞ്ഞു.


Content Highlight: Biju Menon Talks About Pranayavarnangal Movie