| Saturday, 10th February 2024, 2:01 pm

അന്ന് ആ കഥയില്‍ കുഴപ്പമുണ്ടായിരുന്നില്ല; ഇന്നത് പൈങ്കിളിയാണോയെന്ന് തോന്നും: ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ കമല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മേഘമല്‍ഹാര്‍. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബിജു മേനോന്‍, സംയുക്ത വര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും രണ്ട് ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടിയ ചിത്രത്തില്‍ ബിജു മേനോനും സംയുക്ത വര്‍മക്കും പുറമെ പൂര്‍ണിമ മോഹന്‍, ശ്രീനാഥ്, ശിവജി, സിദ്ദിഖ്, രാഘവന്‍ എന്നിവരും അഭിനയിച്ചിരുന്നു.

മേഘമല്‍ഹാറിന്റെ ക്ലൈമാക്‌സ് അങ്ങനെയല്ലാതെ മറ്റൊരു രീതിയില്‍ ചിന്തിച്ചിട്ടുണ്ട് എന്ന് സംവിധായകന്‍ കമല്‍ പറഞ്ഞിരുന്നു. ഇന്നാണെങ്കില്‍ മറ്റൊരു രീതിയില്‍ അവരുടെ ആ ബന്ധം കൊണ്ടുപോയേനെ എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നായകന്‍ എന്ന നിലയില്‍ അങ്ങനെ എന്തെങ്കിലും ഒരു ചിന്ത വന്നിരുന്നോയെന്നും അതോ സംവിധായകന്‍ കമല്‍ പറഞ്ഞത് പോലെ ചെയ്യുകയായിരുന്നോയെന്നുമ്മുള്ള ചോദ്യത്തിന് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിനോട് മറുപടി പറയുകയാണ് ബിജു മേനോന്‍.

‘കാലം മാറ്റങ്ങള്‍ ഉണ്ടാക്കും. ആ കാലത്ത് മൊബൈല്‍ തന്നെ വളരെ കുറവായിട്ടുള്ള സമയമാണ്. അപ്പോഴാണ് ഈ കഥ കേള്‍ക്കുന്നതും സംസാരിക്കുന്നതും. അന്നത്തെ സമയത്ത് ആ കഥ നമുക്ക് കുഴപ്പമുണ്ടായിരുന്നില്ല. ഓക്കേയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പൈങ്കിളിയാണോ എന്ന് തോന്നുന്നുണ്ട്. അത് കാലം കൊണ്ടുവന്ന മാറ്റമാണ്,’ ബിജു മേനോന്‍ പറഞ്ഞു.

പ്രണയവര്‍ണ്ണങ്ങള്‍ സിനിമയില്‍ വിക്ടര്‍ എന്ന കഥാപാത്രമായി താടിയുള്ള ലുക്കില്‍ വന്നതിനെ കുറിച്ചും അഭിമുഖത്തില്‍ താരം സംസാരിച്ചു. തുടക്കം മുതല്‍ക്കേ തനിക്ക് താടി ഉണ്ടായിരുന്നെന്നും ജീവിതത്തില്‍ ആദ്യമായി താന്‍ ഷേവ് ചെയ്യുന്നത് സംവിധായകന്‍ ഫാസിലിന് വേണ്ടിയാണെന്നും ബിജു മേനോന്‍ പറഞ്ഞു.

ഫാസില്‍ തന്നെ ഷേവ് ചെയ്ത് കാണണമെന്ന് പറയുകയായിരുന്നെന്നും പ്രണയവര്‍ണ്ണങ്ങള്‍ സിനിമയില്‍ ആ ലുക്കില്‍ അങ്ങനെ വന്ന് പെട്ടതാണെന്നും ബിജു മേനോന്‍ പറയുന്നു. അല്ലാതെ നഷ്ടപ്രണയത്തിന് വേണ്ടി താടി വെച്ചതായിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.


Content Highlight: Biju Menon Talks About Megamalhar Movie

We use cookies to give you the best possible experience. Learn more