| Tuesday, 13th February 2024, 9:13 am

എന്നെ എന്തിന് മടിയനെന്ന് വിളിച്ചതെന്ന് മമ്മൂക്കയോട് ചോദിക്കണം; അദ്ദേഹത്തെ വെച്ച് നോക്കിയാല്‍ എല്ലാവരും മടിയന്മാര്‍: ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബിജു മേനോന്‍. മമ്മൂട്ടി തന്നെ ഒരു തവണ മടിയന്‍ എന്ന് വിളിച്ചതിനെ പറ്റി ചോദിച്ചപ്പോള്‍ മറുപടി പറയുകയാണ് താരം. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജു മേനോന്‍.

‘അത് ശരിക്കും മമ്മൂക്കയോട് വേണം ചോദിക്കാന്‍. മമ്മൂക്കയുമായി താരതമ്യപെടുത്തിയാല്‍ എല്ലാവരും മടിയന്മാരാണ്. അദ്ദേഹം ഒരു നിമിഷം പോലും വിശ്രമിക്കില്ല.

ഇരുപതിനാല് മണിക്കൂറും ജോലി ചെയ്യുന്ന ആളാണ്. അത്രയും ജോലി ചെയ്യാത്തത് കൊണ്ടാകും എന്നെ മടിയനെന്ന് വിളിച്ചത്. ഞാന്‍ പക്ഷേ അത്യാവശ്യം ജോലി ചെയ്യുന്നുണ്ട്,’ ബിജു മേനോന്‍ പറഞ്ഞു.

മുമ്പ് ബിജു മേനോന്റെ ശബ്ദം മിമിക്രി ചെയ്യാന്‍ പഠിക്കുന്നവര്‍ ഒടുവില്‍ മമ്മൂട്ടിയുടെ ശബ്ദമായിരുന്നു അനുകരിക്കാറുള്ളത്. ഇത്തരത്തിലുള്ള സാമ്യം എപ്പോഴെങ്കിലും ഒരു പ്രശ്‌നമായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു.

‘ആദ്യമൊക്കെ നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങളും ശബ്ദവുമൊക്കെ മാറി നിന്ന് മുഖം നോക്കാതെ കേട്ടാല്‍ മമ്മൂക്ക ആണെന്ന് തോന്നുമായിരുന്നു. എന്റെ നോര്‍മല്‍ ശബ്ദവുമായി മമ്മൂക്കയുടെ ശബ്ദത്തിന് സാമ്യമുള്ളത് കാരണം ഞാന്‍ ഫേക്ക് ചെയ്ത് മാറ്റണമായിരുന്നു.

പിന്നെ അന്നത്തെ ഡയലോഗുകളൊക്കെ സീരിയസ് ആയിരുന്നു. ആര്‍ഗ്യുമെന്റ്‌സ് ഒക്കെ ആകുമ്പോള്‍ എങ്ങനെ പോയാലും ശബ്ദത്തിന് സാമ്യം വരും. പിന്നെ ബോധപൂര്‍വം ഞാന്‍ മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യം കുറച്ചുകാലം ബുദ്ധിമുട്ടായിരുന്നു,’ ബിജു മേനോന്‍ പറയുന്നു.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുണ്ട്. ഫെബ്രുവരി 16ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം നവാഗതനായ റിയാസ് ഷെരീഫാണ് സംവിധാനം ചെയ്തത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ – ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Content Highlight: Biju Menon Talks About Mammootty

We use cookies to give you the best possible experience. Learn more