റാഫി – മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദില്ലിവാല രാജകുമാരന്‍. മഞ്ജു വാര്യരും ജയറാമും ഒന്നിച്ച സിനിമ 1996ലായിരുന്നു പുറത്തിറങ്ങിയത്. ചിത്രത്തില്‍ വീരേന്ദ്രന്‍ എന്ന കഥാപാത്രമായി ബിജു മേനോന്‍ ഒരു അതിഥിവേഷത്തിലെത്തിയിരുന്നു.
ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ച് പറയുകയാണ് ബിജു മേനോന്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദില്ലിവാല രാജകുമാരനില്‍ ഹിന്ദി പറയേണ്ടി വരുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കഥ പറഞ്ഞപ്പോള്‍ അത് മാത്രം പറഞ്ഞിരുന്നില്ലെന്നും ബിജു മേനോന്‍ പറയുന്നു. ലൊക്കേഷനില്‍ എത്തിയ ശേഷം സ്‌ക്രിപ്റ്റില്‍ നിറയെ ഹിന്ദി കണ്ടതോടെ തന്റെ ഉറക്കം പോയെന്നും താരം പറഞ്ഞു.
‘ആ സിനിമയില്‍ ഹിന്ദി പറയേണ്ടി വരുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കഥ പറഞ്ഞപ്പോള്‍ അത് മാത്രം പറഞ്ഞില്ല. ഞാന്‍ അന്ന് ലേറ്റായിട്ടാണ് എത്തിയത്. നേരെ അസോസിയേറ്റിന്റെ അടുത്തേക്ക് ചെന്നു. അവിടെ ചെന്ന് എല്ലാവരോടും സംസാരിച്ച് ഓക്കേയായി.
അപ്പോഴാണ് സ്‌ക്രിപ്റ്റില്‍ നിറയെ ഹിന്ദി കാണുന്നത്. അത് കണ്ടതോടെ എന്റെ ഉറക്കം പോയി. പിന്നെ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. അവസാനം ഡബ്ബിങ്ങില്‍ ആണ് അതൊക്കെ ശരിയാക്കുന്നത്,’ ബിജു മേനോന്‍ പറയുന്നു.
ആ കഥാപാത്രത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ബിജു മേനോനായിരുന്നു തങ്ങളുടെ മനസിലെന്നും ബിജു അത് ചെയ്യുമോയെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അഭിമുഖത്തില്‍ സംവിധായകന്‍ റാഫി പറഞ്ഞു.
‘ആ കഥയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ബിജു ആയിരുന്നു ഞങ്ങളുടെ മനസില്‍. അന്ന് ആ കഥാപാത്രം ബിജു ചെയ്യുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പക്ഷെ സംസാരിച്ചപ്പോള്‍ തന്നെ ബിജു ഓക്കേ പറയുകയായിരുന്നു,’ റാഫി പറയുന്നു.
Content Highlight: Biju Menon Talks About Dilliwala Rajakumaran