ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച് 2020ല്‍ തിയേറ്ററിലെത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ സച്ചിയായിരുന്നു. സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നു അയ്യപ്പനും കോശിയും.
2020ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. ഈ സിനിമയിലൂടെ 68ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ബിജു മേനോന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ച് പറയുകയാണ് ബിജു മേനോന്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പനും കോശിക്കും ശേഷം സെലക്റ്റീവ് ആയി തുടങ്ങിയോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി തന്റെ ആ സിനിമക്ക് ശേഷം റെസ്‌പോണ്‍സിബിലിറ്റി കൂടിയിട്ടുണ്ടെന്ന് ബിജു മേനോന്‍ പറഞ്ഞു.
‘സെലക്റ്റീവ് ആവുക എന്നല്ല. റെസ്‌പോണ്‍സിബിലിറ്റി കൂടിയിട്ടുണ്ട്. നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ അടുത്ത ഒരു ലെയറിലേക്ക് മാറുന്നുണ്ടെന്ന് അറിയുന്നത് ആളുകള്‍ പറയുമ്പോള്‍ ആണ്. പിന്നെ നമ്മുടെ കഥാപാത്രങ്ങളുടെ സ്വീകരണം കൂടുമ്പോഴും ഈ കാര്യം മനസിലാകും.
അപ്പോള്‍ നമുക്ക് കുറച്ച് കൂടെ കമ്മിറ്റ്‌മെന്റുണ്ടാകും. അടുത്ത പടവും വര്‍ക്കാകണം, പിന്നെ അഭിനന്ദനങ്ങള്‍ വരണം. ആ സമയത്ത് മാത്രം കുറച്ച് സെലക്റ്റീവാകും,’ ബിജു മേനോന്‍ പറഞ്ഞു.
ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുണ്ട്’. നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ – ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് തുണ്ട്. ഫെബ്രുവരി 16നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
Content Highlight: Biju Menon Talks About Ayyappanum Koshiyum