വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ബിജു മേനോൻ. സഹ നടനായി കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ ഒരു മികച്ച നടനും താരവുമാണ്. ജിസ് ജോയിയുടെ സംവിധാനത്തിൽ ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തിയ തലവൻ എന്ന ചിത്രം തിയേറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.
തന്റെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് ബിജു മേനോൻ. ചില സിനിമകൾ ക്ലീഷേ കഥാപാത്രങ്ങൾ ആണെങ്കിലും ഒഴിവാക്കാൻ പറ്റാറില്ലെന്നും എന്നാൽ ഏതൊരു സിനിമയുടെയും ഫൈനൽ റിസൾട്ട് തീരുമാനിക്കുന്നത് പ്രേക്ഷകർ ആണെന്നും ബിജു മേനോൻ പറയുന്നു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.
‘വരുന്ന സിനിമകളിൽനിന്ന് നല്ലതു നോക്കിയിട്ടാണ് തെരഞ്ഞെടുക്കുന്നത്. ക്ലീഷേ റോളുകൾ ചെയ്യാൻ ആർക്കും താത്പര്യമുണ്ടാകില്ലല്ലോ…? ചില സിനിമകൾ നമുക്ക് ഒഴിവാക്കാൻ പറ്റാത്തതുണ്ടാകും. എന്നാലും പുതിയതെന്തെങ്കിലും ചെയ്യാനാണ് എപ്പോഴും ശ്രമിക്കുന്നത്.
പിന്നെ നമ്മൾ എന്തുചെയ്താലും അതിൻ്റെ ഫൈനൽ റിസൾട്ട് തീരുമാനിക്കുന്നത് തിയേറ്ററിൽ പ്രേക്ഷകരാണ്. അവർ സിനിമയെക്കുറിച്ച് നല്ലതുപറയുന്നതും, ഹിറ്റാകുന്നതിനുമപ്പുറം സന്തോഷം മറ്റൊന്നും നൽകില്ല.
ഒരുസിനിമ വിജയിക്കുമ്പോൾ അത് നമ്മളെടുത്ത അധ്വാനത്തിനുകിട്ടുന്ന അംഗീകാരമായിക്കൂടിയാണ് കാണുന്നത്. കൊവിഡിനു ശേഷം കുറച്ചുകാലം പ്രേക്ഷകർ തിയേറ്ററിലേക്ക് വരാൻ മടിച്ചപ്പോൾ ഒരു ഭയമുണ്ടായിരുന്നു.
ഇനി തിയേറ്ററിലേക്ക് ആളെത്തില്ലേ എല്ലാം ഒ.ടി.ടി.യിൽ മാത്രമാകുമോ എന്നൊരു ആശങ്ക. എന്നാൽ ആ ആശങ്ക വെറുതെയാണെന്ന് പ്രേക്ഷകർ തന്നെ തെളിയിച്ചു. നല്ല സിനിമയാണെങ്കിൽ തിയേറ്ററിലേക്ക് തീർച്ചയായും ആളുവരും എന്നൊരു ധൈര്യം ഇന്നെല്ലാവർക്കുമുണ്ട്. പുതിയൊരുതരം സിനിമ ചെയ്യാനും അത്തരം കഥാപാത്രങ്ങൾ സെലക്ട് ചെയ്യാനുമെല്ലാം പ്രേക്ഷകർ തിയേറ്ററിൽ നൽകുന്ന ഈ പിന്തുണ ഊർജമാകുന്നുണ്ട്,’ബിജു മേനോൻ പറയുന്നു.
Content Highlight: Biju Menon Talk About His Character Selection