മലയാള സിനിമ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോയി കൊണ്ടിരിക്കുന്നത്. ഈ വർഷം തുടക്കം തന്നെ നിരവധി വിജയചിത്രങ്ങളാണ് കേരള ബോക്സ് ഓഫീസിൽ മുന്നേറിയത്. മലയാളത്തിലെ ഏറ്റവും വിജയമായി മാറിയ മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം എന്നിങ്ങനെ വിജയം തുടരുകയാണ്.
ആസിഫ് അലി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ തലവൻ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തന്റെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ ഴോണറിൽ ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് തലവൻ.
താനിപ്പോൾ മുരുഗദോസിന്റെ ഒരു തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നും അവിടെ അവർ തന്നോട് മലയാള സിനിമയുടെ വിജയ രഹസ്യം ചോദിക്കാറുണ്ടെന്നും ബിജു മേനോൻ പറയുന്നു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.
‘ഇപ്പോൾ ഞാൻ മുരുഗദോസ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സെറ്റിലുള്ളവരെല്ലാം മലയാളസിനിമയുടെ ഈ വർഷത്തെ കുതിപ്പുകണ്ട് കൊതിച്ചുനിൽക്കുകയാണ്. എന്താണ് ഈ തുടർച്ചയായ വിജയത്തിന്റെ ട്രിക്ക് എന്നാണ് അവരെന്നോട് ചോദിക്കുന്നത്.
അവരോട് ഞാൻ പറഞ്ഞത് കഥയാണ് മലയാളത്തിലെ ഹീറോ എന്നാണ്. ഹിന്ദിയും തമിഴും തെലുഗും കന്നടയുമൊക്കെ നോക്കുമ്പോൾ അവരേക്കാൾ ഏറെ ബജറ്റ് ലിമിറ്റേഷനുള്ള ഇൻഡസ്ട്രിയാണ് നമ്മുടേത്. അതിനാൽ ചെറിയ ബജറ്റിൽ മികച്ച കഥകൾ പറയാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് മറുപടി നൽകി,’ബിജു മേനോൻ പറയുന്നു.
നല്ലൊരു തിരക്കഥ കിട്ടുകയാണെങ്കിൽ തലവൻ 2 തീർച്ചയായും ഉണ്ടാവുമെന്നും ബിജു മേനോൻ കൂട്ടിച്ചേർത്തു.
‘അത്തരമൊരു പ്ലാനിങ് സംവിധായകൻ ജിസ് ജോയും ടീമും നടത്തുന്നുണ്ട്. നിർബന്ധപൂർവം രണ്ടാംഭാഗം എടുക്കണമെന്നു കരുതി ഒരുകഥ തട്ടിക്കൂട്ടില്ല. മറിച്ച് അതിനുപറ്റിയ നല്ലൊരു തിരക്കഥ തയ്യാറാവുകയാണെങ്കിൽ ഉറപ്പായും തലവൻ 2 വരും. ആലോചനകൾ നടക്കുന്നുണ്ട്,’ബിജു മേനോൻ പറഞ്ഞു.
Content Highlight: Biju Menon Talk About Director Murugadas And His Experience In Tamil Movie