Entertainment
ആ സമയത്ത് എന്റെ കൺവെട്ടത്ത് സച്ചി വരില്ല, കാരണം അയ്യപ്പനും കോശിയിലെ ആ കാര്യം സച്ചി പറഞ്ഞിട്ടില്ലായിരുന്നു: ബിജു മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 10, 12:06 pm
Saturday, 10th February 2024, 5:36 pm

സിനിമാ ലോകത്തോട് വിട പറഞ്ഞ സച്ചി അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും.

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം ആവുകയും സംസ്ഥാന – ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.


ബിജുമേനോന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് അയ്യപ്പൻ നായരെ കണക്കാക്കുന്നത്. ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായിരുന്നു ക്ലൈമാക്സ്‌ ഫൈറ്റ്.

എന്നാൽ ആ ഫൈറ്റിനെക്കുറിച്ച് സച്ചി തന്നോട് വിശദമായി പറഞ്ഞിരുന്നില്ല എന്നാണ് ബിജു മേനോൻ പറയുന്നത്.

സിനിമ തുടങ്ങിക്കഴിഞ്ഞപ്പോഴാണ് എത്രത്തോളം കഠിനമാണ് ആക്ഷൻ രംഗങ്ങൾ എന്ന് തനിക്ക് മനസിലായതെന്നും ആ സമയത്ത് സച്ചി തന്നെ കാണാതെ മറഞ്ഞു നടക്കുമായിരുന്നുവെന്നും ബിജു മേനോൻ പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയ്യപ്പനും കോശിയിലെ ഫൈറ്റിനെ കുറിച്ച് വലിയ രീതിയിൽ എന്നോട് സച്ചി പറഞ്ഞിട്ടില്ലായിരുന്നു. വലിയ എഫേർട്ട് ഒന്നും ഇല്ലാതെ അത് എടുക്കാം എന്നായിരുന്നു സച്ചി പറഞ്ഞത്. പക്ഷേ പടം തുടങ്ങി കഴിഞ്ഞപ്പോൾ മനസ്സിലായി എത്രത്തോളം കഠിനമാണ് ചിത്രത്തിലെ ഫൈറ്റുകളെന്ന്.

എനിക്ക് കണ്ണ് കിട്ടുന്ന സ്ഥലത്തൊന്നും അവൻ നിൽക്കില്ലായിരുന്നു. എന്റെ നോട്ടം എത്തുന്ന സ്ഥലത്തൊന്നും സച്ചി നിൽക്കില്ല. ബാക്കിൽ എവിടെയെങ്കിലുമൊക്കെയാവും. ഫൈറ്റ് ചെയ്ത് ആകെ ക്ഷീണിച്ച് ഇരിക്കുമ്പോൾ അവൻ പിന്നിലൂടെ വരും. ദേഹം മുഴുവൻ ചളിയായിരിക്കും അപ്പോൾ സ്റ്റൂളിലെങ്ങാനും ഇരിക്കുകയായിരിക്കും ആ സമയത്ത് പതുക്കെ അവൻ പിന്നിൽ വന്ന് കെട്ടിപ്പിടിക്കും. അത്രയേ ഉള്ളൂ,’ബിജു മേനോൻ.

Content Highlight: Biju Menon Talk About Ayyappanum Koshiyum And Sachy