| Monday, 12th February 2024, 3:19 pm

അന്ന് ആ സിനിമക്ക് വേണ്ടി പദ്മരാജന്‍ സാര്‍ എന്നെ തെരഞ്ഞെടുത്തില്ല, പക്ഷേ നല്ല കഴിവുണ്ടെന്ന് പറഞ്ഞു': ഓര്‍മകള്‍ പങ്കുവെച്ച് ബിജുമേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സഹനടനായും വില്ലനായും നായകനായും നിരവധി സിനിമകളില്‍ അഭിനയിച്ച് മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് ബിജു മേനോന്‍. തുടക്കകാലത്ത് ഒരേ തരത്തിലുള്ള വേഷങ്ങള്‍ ചെയ്ത താരം, മലയാളത്തില്‍ നിന്ന് ബ്രേക്കെടുത്ത് തമിഴ്, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചു. മലയാളത്തില്‍ പിന്നീട് ഹ്യൂമര്‍ ടച്ചുള്ള വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകപ്രീതി നേടി. നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന തുണ്ടാണ് താരത്തിന്റെ പുതിയ ചിത്രം.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍, അന്തരിച്ച സംവിധായകന്‍ പദ്മരാജനെക്കുറിച്ചുള്ള ഓര്‍മകള്‍ താരം പങ്കുവെച്ചു. പദ്മരാജന്റെ അവസാന ചിത്രമായിരുന്ന ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയില്‍ നായകകഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ പോയപ്പോളുണ്ടായ അനുഭവമാണ് ബിജു മേനോന്‍ പങ്കുവെച്ചത്. പദ്മരാജന്‍ സാറുമായുള്ള മീറ്റിങ് എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഒരു പോസ്റ്റ് കാര്‍ഡിലായിരുന്നു എനിക്കന്ന് വിളി വന്നത്. ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ കഥാപാത്രത്തിന് ശബ്ദം ടെസ്റ്റ് ചെയ്യാന്‍ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് വരണം എന്നായിരുന്നു ആ കാര്‍ഡിലുണ്ടായിരുന്നത്. വേറെ ആരോ എഴുതിയ കാര്‍ഡില്‍ പദ്മരാജന്‍ സാറിന്റെ കൈയൊപ്പ് ഉണ്ടായിരുന്നു. ഞാനാ സമയം ഓള്‍ ഇന്ത്യാ റേഡിയോയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. അങ്ങനെയാണ് അവര്‍ എന്നെ ഇതിനായി വിളിച്ചത്. ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു. അച്ഛന്റെ ഫ്രണ്ടായിരുന്നു പദ്മരാജന്‍ സാര്‍. പക്ഷേ വീട്ടില്‍ ഞാന്‍ ഇതിനെപ്പറ്റി പറഞ്ഞില്ല.

നേരെ തിരുവനന്തപുരത്തേക്ക് പോയി, അവിടെ ചിത്രാഞ്ജലിയില്‍ ബാക്കിയുള്ള ഓള്‍ ഇന്ത്യാ റേഡിയോയില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. ഡബ്ബിങ് എങ്ങനെയാണെന്ന് പഠിക്കാന്‍ വേണ്ടി ഞങ്ങളെ സ്റ്റുഡിയോയില്‍ കൊണ്ടിരുത്തി. ആ സമയത്ത് അവിടെ സോമേട്ടന്‍ (എം.ജി. സോമന്‍) വന്നു, ജയറാമേട്ടന്‍ വന്നു. അവര്‍ ചെയ്യുന്നത് കണ്ടിട്ട് ഓരോരുത്തരായി പോയി ഡബ് ചെയ്തു. പദ്മരാജന്‍ സാര്‍ വൈകുന്നേരമാണ് വന്നത്. അദ്ദേഹം വന്ന ശേഷം ഞാനും പോയി ഡബ്ബ് ചെയ്തു. സെക്കന്‍ഡ് ഹാഫിലെ ഒരു പോര്‍ഷനാണ് ഞാന്‍ ചെയ്തത്. അത് ചെയ്തു കഴിഞ്ഞ ശേഷം സാര്‍ എന്നെ കണ്‍സോളിലേക്ക് വിളിപ്പിച്ചു, എന്നിട്ട് എനിക്ക് അത് പ്ലേ ചെയ്ത് കാണിച്ചുതന്നിട്ട് ചോദിച്ചു, വോയ്‌സ് മാച്ച് ചെയ്യുന്നുണ്ടോ എന്ന്.

ഞാന്‍ പറഞ്ഞു, ഒരു അവസരം കിട്ടിയത് മിസ്സാവാന്‍ പാടില്ലെന്ന് വിചാരിച്ചതു കൊണ്ടാണ് ഇത് ചെയ്തത്. ഒരു മുഖത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന വോയിസ് ഉണ്ട്. ബിജുവിന്റെ വോയിസ് ഈ കഥാപാത്രത്തിന് ചേരില്ല, പക്ഷേ നല്ല കഴിവുള്ളയാളാണ്. വേറെയും സിനിമകള്‍ ചെയ്യാന്‍ ബിജുവിന് പറ്റുമെന്ന് സാര്‍ പറഞ്ഞു,’ ബിജു മേനോന്‍ അനുഭവം പങ്കുവെച്ചു.

Content Highlight: Biju Menon shares the experience with Padmarajan

We use cookies to give you the best possible experience. Learn more