20 വര്‍ഷത്തിലധികമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് ബിജു മേനോന്‍. തുടക്കകാലത്ത് ഗൗരവക്കാരനായ റോളുകള്‍ ചെയ്ത താരം 2010ല്‍ റിലീസായ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലൂടെ ഹ്യൂമറും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. പിന്നീട് കോമഡി റോളുകളിലൂടെ ജനപ്രിയനായി മാറി. 2020ല്‍ അയ്യപ്പനും കോശിയും എന്ന സിനിമയിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു. നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന തുണ്ടാണ് താരത്തിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഡാന്‍സ് രംഗങ്ങളിലെ അനുഭവങ്ങള്‍ താരം പങ്കുവെച്ചു.
തുണ്ട് സിനിമയിലെ പാട്ടില്‍ ബിജു മേനോന്‍ ഡാന്‍സ് കളിക്കാതെ മാറി നില്‍ക്കുന്നുണ്ട്. സിനിമയിലെ കഥാപാത്രം അങ്ങനെയായതുകൊണ്ടാണോ അതോ ഡാന്‍സിനോടുള്ള വിമുഖത കൊണ്ടാണോ അങ്ങനെ ചെയ്തതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ഇതിലെ എന്റെ കഥാപാത്രം അങ്ങനെ ഡാന്‍സൊന്നും ചെയ്യില്ല, അത് മാത്രമല്ല ഞാന്‍ ആ പാട്ട് ആദ്യം കേട്ടപ്പോള്‍ എനിക്ക് ഇഷ്ടമായി. കുറേ ബീറ്റുള്ള സോങ്ങാണ് അത്. അപ്പോള്‍ ആ ക്യാരക്ടറിന്റെ മൂഡിന് അങ്ങനെ ഡാന്‍സ് കളിക്കണോ എന്ന് ഡയറക്ടറോട് ചോദിച്ചു. ഇത്രയും നല്ല ബീറ്റൊക്കയുള്ള പാട്ടല്ലേ, നമ്മള്‍ അത് കുളമാക്കണോ എന്ന് ചോദിച്ചു. ഗോകുലനൊക്കെ വളരെ നന്നായിട്ടാണ് അതില്‍ ഡാന്‍സ് ചെയ്തത്. അവനായതുകൊണ്ടാണ് ആ പാട്ട് ശ്രദ്ധിക്കപ്പെട്ടത്. നമ്മളെങ്ങാനുമായിരുന്നെങ്കില്‍ നമ്മള്‍ തെറ്റിക്കുന്നത് മാത്രമേ ആള്‍ക്കാര്‍ ശ്രദ്ധിക്കൂ.
പട്ടാളത്തിനകത്തെ ഡാന്‍സില്‍ ലാല്‍ജോസ് ചീത്ത വിളിച്ചിട്ടുണ്ട്. ഒരു നല്ല പാട്ട് കിട്ടിയിട്ടുണ്ടെന്ന് ലാല്‍ജോസ് വന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ആദ്യമേ പറഞ്ഞു, ഈ പരിസരത്തേക്ക് വരരുതെന്ന്. പിന്നെ അവര്‍ക്ക് കിട്ടിയത് എന്നെയായിരുന്നു. ഈ പാട്ടിന് ഞാന്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ട് എന്റെ ഉറക്കം പോയി,’ ബിജു മേനോന്‍ പറഞ്ഞു.
ബിജു മേനോനെക്കൂടാതെ ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, കോട്ടയം നസീര്‍, വിനീത് തട്ടില്‍, ഗോകുലന്‍ തുടങ്ങിയവരാണ് തുണ്ടിലെ മറ്റ് താരങ്ങള്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനും ജിംഷി ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി സുന്ദറാണ് സിനിമയുടെ സംഗീതം. ജിംഷി ഖാലിദ് ഛായാഗ്രഹണവും, നബു ഉസ്മാന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫെബ്രുവരി 16ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Biju Menon shares the dance experience in Pattalam movie