കൊച്ചി: നടന്‍ അനില്‍ നെടുമങ്ങാടുമായുള്ള ഓര്‍മകള്‍ പങ്കുവെച്ച് നടന്‍ ബിജു മേനോന്‍. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ ഒരുമിച്ചഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് ബിജു മേനോന്‍ പറയുന്നത്.
അയ്യപ്പനും കോശിയുടെ സെറ്റില്‍ വെച്ചാണ് അനിലിനെ ആദ്യമായി കാണുന്നതെന്നും അനില്‍ ചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷിന്റെ കഥാപാത്രം ഗംഭീരമാണെന്ന് കഥ കേട്ടപ്പോഴെ തോന്നിയിരുന്നുവെന്നും ബിജു മേനോന്‍ പറയുന്നു.
ആദ്യ സീന്‍ ചിത്രീകരിക്കുമ്പോള്‍ അനിലിന് നല്ല ടെന്‍ഷനായിരുന്നുവെന്നും പിന്നീട് താന്‍ അടുത്തിരുന്ന് സംസാരിച്ച് ടെന്‍ഷന്‍ മാറ്റുകയായിരുന്നുവെന്നും നടന്‍ ഓര്‍ത്തെടുത്തു. ആര്‍ക്കും പിടിതരാതെ നടക്കുന്ന പ്രകൃതമായിരുന്നു അനിലിന്റേതെന്നും റൂമിലേക്ക് ഭക്ഷണം കഴിക്കാന്‍ താന്‍ വിളിക്കുമ്പോള്‍ അനില്‍ പലതവണ ഒഴിഞ്ഞു മാറാറാണ് പതിവെന്നും ബിജു മോനോന്‍ പറഞ്ഞു.
പിന്നീടൊരിക്കല്‍ രാത്രി നിര്‍ബന്ധിച്ച് അനിലിനെ റൂമിലേക്ക് വിളിച്ചു കൊണ്ടുവന്നുവെന്നും സൗഹൃദത്തേക്കാളും വ്യക്തിബന്ധത്തെക്കാളും ഉപരിയല്ല സിനിമയെന്ന് താന്‍ ഓര്‍മിപ്പിച്ചുവെന്നും ബിജു മേനോന്‍ പറയുന്നു.
‘അന്ന് ആ രാത്രി സൗഹൃദ സംഭാഷണമെല്ലാം കഴിഞ്ഞ് കെട്ടി പിടിച്ച് ഉമ്മ തന്നാണ് അനില്‍ പോയത്. അതൊരു വലിയ സൗഹൃദത്തിന്റെ തുടക്കമായി,’ ബിജു മേനോന്‍ പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ മറ്റൊരു സൗഹൃദ സദസ്സില്‍ ഇരിക്കുമ്പോഴാണ് അനിലിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതെന്നും ഓരോ വാക്കുകളും തളരുന്നുവെന്നും ബിജു മേനോന്‍ പറഞ്ഞു.
തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് കഴിഞ്ഞ ദിവസം അനില്‍ മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Biju Menon shares experience about Anil Nedumangad