| Wednesday, 19th June 2024, 2:24 pm

സിനിമ കാണാന്‍ പോയപ്പോള്‍ ഒരാളുടെ മാല പൊട്ടിച്ചെന്ന് പറഞ്ഞ് എനിക്ക് പൊലീസിന്റെ കൈയില്‍ നിന്ന് അടി കിട്ടിയിട്ടുണ്ട്: ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സിനിമക്ക് പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ബിജു മേനോന്‍. ക്ലാസ് കട്ട് ചെയ്ത ഇരുമ്പഴികള്‍ എന്ന സിനിമക്ക് പോയപ്പോള്‍ പൊലീസിന്റെ കൈയില്‍ നിന്ന് അടി കിട്ടിയിട്ടുണ്ടായിരുന്നു എന്ന് ബിജു മേനോന്‍ പറഞ്ഞു. തിയേറ്ററിന് മുന്നില്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നുവെന്നും ഗേറ്റ് തുറക്കാന്‍ വേണ്ടി പൊരിവെയിലത്ത് ഒരുമണിക്കൂറോളം നിന്നുവെന്നും താരം പറഞ്ഞു.

തന്റെ പിന്നില്‍ നിന്നയാള്‍ ചൂട് കാരണം ഷര്‍ട്ടിന്റെ ബട്ടന്‍ തുറന്നിട്ടിരുന്നുവെന്നും ഗേറ്റ് തുറന്ന സമയത്ത് ഓടിയപ്പോള്‍ അയാളുടെ മാല തന്റെ കൈയില്‍ കുരുങ്ങി പൊട്ടിപ്പോയെന്നും ബിജു മേനോന്‍ പറഞ്ഞു. മാല പൊട്ടിക്കാന്‍ നോക്കിയെന്ന് പറഞ്ഞാണ് പൊലീസ് തന്നെ തല്ലിയെന്നും ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ നടന്ന സംഭവത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ചെറുപ്പത്തില്‍ മറക്കാനാകാത്ത സിനിമാനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഇരുമ്പഴികള്‍ എന്ന സിനിമ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ആ സിനിമ റിലീസാകുന്നത്. ഞാനും എന്റെ കൂട്ടുകാരനും കൂടി ക്ലാസ് കട്ട് ചെയ്ത് ഇരുമ്പഴികള്‍ കാണാന്‍ പോയി. ഞങ്ങള്‍ ചെന്നപ്പോള്‍ ഗേറ്റ് തുറന്നിട്ടുണ്ടായിരുന്നില്ല. കുറേ നേരം കാത്ത് നില്‍ക്കേണ്ടി വന്നു.

വലിയ തിരക്കുണ്ടായിരുന്നു ആ സിനിമക്ക്. പൊരിവെയിലത്ത് ഒരുമണിക്കൂറോളം കാത്ത് നിന്നു. ചൂട് കാരണം എന്റെ പിന്നില്‍ നിന്ന ഒരാള്‍ പുള്ളിയുടെ ഷര്‍ട്ടിന്റെ ബട്ടനെല്ലാം അഴിച്ചിട്ടാണ് നിന്നത്. അയാളുടെ കഴുത്തില്‍ വലിയൊരു മാലയുണ്ടായിരുന്നു. ഗേറ്റ് തുറന്നതും ടിക്കറ്റെടുക്കാന്‍ വേണ്ടി എല്ലാവരും ഓടി.

ഞാന്‍ ഓടുന്ന സമയത്ത് എന്റെ പിന്നില്‍ നിന്നയാളുടെ മാല എന്റെ കൈയില്‍ കുരുങ്ങി. കൈയെടുക്കാന്‍ നോക്കിയപ്പോള്‍ ആ മാല പൊട്ടിപ്പോയി. പൊലീസ് വന്നിട്ട് മാല പൊട്ടിക്കാന്‍ നോക്കിയെന്ന് പറഞ്ഞ് എന്നെ അടിച്ചു.ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നല്ല രസമുള്ള അനുഭവമാണത്,’ ബിജു മേനോന്‍ പറഞ്ഞു.

Content Highlight: Biju Menon shares an incident happened in his childhood

We use cookies to give you the best possible experience. Learn more