|

എനിക്ക് ഇത്രയും കെയര്‍ തന്ന മറ്റൊരു സിനിമയില്ല: ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തങ്കം റിലീസിനൊരുങ്ങുകയാണ്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് തങ്കത്തെ കുറിച്ച് സംസാരിക്കുന്ന അഭിമുഖം ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. താന്‍ ഏറെ കംഫര്‍ട്ടബിളായി ചെയ്ത ചിത്രമാണ് തങ്കം എന്നാണ് ബിജു മേനോന്‍ അഭിമുഖത്തില്‍ പറയുന്നത്.

തന്നെ ഇത്രമേല്‍ ശ്രദ്ധിക്കുകയും സൗകര്യങ്ങള്‍ ചെയ്തു തരികയും ചെയ്ത മറ്റൊരു സിനിമയില്ലെന്നും ബിജു മേനോന്‍ പറഞ്ഞു. അഭിനേതാക്കള്‍ക്കൊപ്പം ശ്യാം പുഷ്‌കരനും ബിജിബാലും അരാഫത്തും ദിലീഷ് പോത്തനും അഭിമുഖത്തിലുണ്ടായിരുന്നു.

‘പ്രൊമോഷന് വേണ്ടി പറയുന്നതല്ല, ഭയങ്കര കംഫര്‍ട്ടബിളായിരുന്നു. അങ്ങനെയൊരു സിനിമ ചെയ്യാന്‍ സത്യം പറഞ്ഞാല്‍ കൊതിയാണ്. വേറെ ഒരു പ്രശ്‌നവുമില്ലാതെ, ഒട്ടുമുക്കാലും ഓര്‍ഡറില്‍ തന്നെ ഷൂട്ട് ചെയ്ത സിനിമയാണ് തങ്കം. എന്നെ ഇത്രയും ടേക്ക് കെയര്‍ ചെയ്ത മറ്റൊരു സിനിമയില്ല, അത് ഉറപ്പിച്ച് പറയാം,’ ബിജു മേനോന്‍ പറഞ്ഞു.

ജനുവരി 26ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന സൂചനയാണ് തങ്കത്തിന്റെ ട്രെയ്‌ലര്‍ തരുന്നത്.

സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുകയും ജ്വല്ലറികളില്‍ എത്തിക്കുകയും ചെയ്യുന്ന യുവാക്കളായിട്ടാണ് ബിജു മേനോനും വിനീതും ചിത്രത്തില്‍ എത്തുന്നത്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയമായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്.

Content Highlight: Biju Menon says Thankam was the most comfortable movie to shoot

Latest Stories

Video Stories