| Thursday, 29th December 2022, 3:55 pm

ആ കാര്യത്തില്‍ ഞാനെന്തെങ്കിലും പരാതി പറയുമോന്ന് പേടിച്ച് സച്ചി എന്റെ അടുത്തേക്കേ വന്നില്ല, മുങ്ങി നടന്നു: ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയ്യപ്പനും കോശിയും സിനിമ ഷൂട്ട് ചെയ്തിരുന്ന സമയത്ത് സംവിധായകനായിരുന്ന സച്ചി തന്നെ കാണാതെ മുങ്ങി നടക്കുകയായിരുന്നെന്ന് നടന്‍ ബിജു മേനോന്‍. ചിത്രത്തില്‍ വളരെ റിയലിസ്റ്റിക്കായ ക്ലൈമാക്‌സ് ഫൈറ്റ് സീനുകളെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് എന്തെങ്കിലും പരാതി പറയുമോ എന്ന് പേടിച്ച് ഷൂട്ടിങ് സെറ്റില്‍ തന്റെ മുന്നില്‍ പെടാതെ മുങ്ങി നടക്കുകയായിരുന്നു സച്ചി ചെയ്തിരുന്നതെന്നും താരം പറയുന്നു.

കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”അയ്യപ്പനും കോശിയും സിനിമയുടെ കാര്യത്തില്‍ എനിക്കുണ്ടായിരുന്ന ടെന്‍ഷന്‍ അതിലെ ഫൈറ്റായിരുന്നു. ഇതെന്താണിത് ഇവര്‍ ഉദ്ദേശിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. റോ ഫൈറ്റ് തന്നെയാണ് ഇവര്‍ ഉദ്ദേശിച്ചിരിക്കുന്നത്. രാജശേഖര്‍ മാസ്റ്ററെ ഫിക്‌സും ചെയ്തു.

ഇതൊരു റോ ഫൈറ്റായിരിക്കുമെന്നുള്ളത് എനിക്ക് ഏകദേശം മനസിലായി. പിന്നെ ഷൂട്ട് തുടങ്ങിയപ്പോള്‍ അത് പൂര്‍ണമായും ക്ലിയറായി (ചിരി).

പക്ഷെ ഫൈറ്റിന്റെ കാര്യത്തില്‍ ഞാനെന്തെങ്കിലും പറയുമോ, എന്തെങ്കിലും പരാതി പറയുമോ എന്ന് പേടിച്ചിട്ട് സച്ചി എനിക്ക് പിടി തരുന്നുണ്ടായിരുന്നില്ല. എന്റെ അടുത്തേക്കേ വരില്ലായിരുന്നു. മുങ്ങിമുങ്ങി നടന്ന് ഫൈറ്റ് മാസ്റ്ററെ കൊണ്ട് കാര്യങ്ങള്‍ എക്‌സിക്യൂട്ട് ചെയ്യിക്കുകയായിരുന്നു.

അത് വളരെ സ്‌ട്രെയിനായിരുന്നു. ഞങ്ങള്‍ ഒരു ഏഴ് ദിവസത്തോളം എടുത്ത് ചെയ്ത ഫൈറ്റാണത്, അത്രയും റോ ആണ്. പക്ഷെ കഥക്ക് അത്രയും അത്യാവശ്യമായിരുന്ന ഫൈറ്റ് കൂടിയാണത്. അതിന്റെ ഒരു ഗുണം ആ സിനിമക്കുണ്ട്,” ബിജു മേനോന്‍ പറഞ്ഞു.

ചിത്രത്തില്‍ അയ്യപ്പന്‍ നായരുടെ റോളിലേക്ക് സച്ചി ആദ്യം വിചാരിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നെന്നും എന്നാല്‍ വളരെ റിയലിസ്റ്റിക്കായ ഫൈറ്റ് സീനുകള്‍ ഉള്ളതുകൊണ്ട് മമ്മൂട്ടിയെ സ്‌ട്രെയിന്‍ ചെയ്യിപ്പിക്കേണ്ട എന്നുകരുതിയാണ് ആ റോള്‍ തനിക്ക് നല്‍കിയതെന്നും ബിജു മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു.

”മമ്മൂക്ക എന്ന ഓപ്ഷന്‍ സച്ചി മാറ്റി ആലോചിച്ചതും, മമ്മൂക്ക വേണ്ട ഞാന്‍ മതി എന്നുള്ള തീരുമാനത്തിലെത്തിയതും ഇതിലെ ഫൈറ്റും ആക്ഷന്‍ സീക്വന്‍സുകളും മുന്‍കൂട്ടി കണ്ടിട്ടാണ്.

മമ്മൂക്കയെ അത്രയും സ്‌ട്രെയിന്‍ ചെയ്യിക്കുന്നത് ശരിയല്ലല്ലോ എന്നുള്ള ചിന്തയിലാണ് ആ റോള്‍ എന്റെയടുത്തേക്ക് വരുന്നത്,” താരം കൂട്ടിച്ചേര്‍ത്തു.

സച്ചിക്ക് മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയാണ് മലയാളത്തില്‍ കള്‍ട്ടായി മാറിയ അയ്യപ്പനും കോശിയും. മികച്ച സഹനടന്‍, ഗായിക, സംഘട്ടനം എന്നീ വിഭാഗങ്ങളിലും അയ്യപ്പനും കോശിയും ദേശീയ പുരസ്‌കാരം നേടിയിരുന്നു.

പൃഥ്വിരാജും ബിജു മേനോനും ടൈറ്റില്‍ റോളുകളിലെത്തിയ ചിത്രത്തിന്റെ റീമേക്ക് അവകാശം തെലുങ്ക് ഉള്‍പ്പെടെ മറ്റ് ഭാഷകളിലേക്കും വിറ്റുപോയിരുന്നു. സച്ചി അവസാനമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് അയപ്പനും കോശിയും.

Content Highlight: Biju Menon remembers director Sachy from the shooting set of Ayyappanum Koshiyum

We use cookies to give you the best possible experience. Learn more