നായകന്റെ സൈഡാണോ വില്ലന്റെ സൈഡാണോ? ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ ബിജു മേനോനും
Film News
നായകന്റെ സൈഡാണോ വില്ലന്റെ സൈഡാണോ? ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ ബിജു മേനോനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th August 2024, 7:40 pm

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എ.ആര്‍. മുരുകദോസ് വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. തമിഴിലെ ഇപ്പോഴത്തെ മുന്‍നിര താരങ്ങളിലൊരാളായ ശിവകാര്‍ത്തികേയനെ നായകനാക്കിയാണ് മുരുകദോസ് പുതിയ ചിത്രം ഒരുക്കുന്നത്. അജിത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങള്‍ക്ക് അവരുടെ കരിയറിലെ മികച്ച സിനിമകള്‍ സമ്മാനിച്ച മുരുകദോസ് ശിവകാര്‍ത്തികേയന്റെ കൂടെ ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ഇപ്പേഴിതാ ചിത്രത്തിലെ മലയാളി സാന്നിധ്യമായി ബിജു മേനോനും വന്നിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. റഫ് ആന്‍ഡ് ടഫ് ലുക്കിലാണ് ബിജു മേനോന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സെറ്റില്‍ മുരുകദോസിന്റെ നിര്‍ദേശങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന ബിജു മേനോനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെന്നാണ് വീഡിയോ നല്‍കുന്ന സൂചന. 14 വര്‍ഷത്തിന് ശേഷമാണ് ബിജു മേനോന്‍ ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

ബോളിവുഡ് സൂപ്പര്‍താരം വിദ്യുത് ജംവാളാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. തുപ്പാക്കിക്ക് ശേഷം മുരുകദോസും വിദ്യുത് ജംവാളും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സൂര്യ നായകനായ അഞ്ചാനിലും വിദ്യുത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യുത് തമിഴിലേക്ക് തിരിച്ചെന്നത്. എസ്.കെ- എ.ആര്‍.എം എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിവസമാണ് നടന്നത്.

സൗത്ത് ഇന്ത്യന്‍ സെന്‍സേഷണലായ അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. എട്ടാം തവണയാണ് അനിരുദ്ധ് ശിവകാര്‍ത്തികേയന് വേണ്ടി സംഗീതമൊരുക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കന്നഡ ചിത്രം സപ്ത സാഗരദാച്ചെ എല്ലോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ രുക്മിണി വാസന്താണ് ചിത്രത്തിലെ നായിക. രുക്മിണിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

സല്‍മാന്‍ ഖാനെ നായകനാക്കി സിക്കന്ദര്‍ എന്ന ഹിന്ദി ചിത്രവും മുകുകദോസ് ഒരുക്കുന്നുണ്ട്. രണ്ട് സിനിമകളുടെയും വര്‍ക്ക് ഒരേസമയമാണ് മുരുകദോസ് പൂര്‍ത്തിയാക്കുന്നത്. അതേസമയം അമരനാണ് ശിവകാര്‍ത്തികേയന്റെ അടുത്ത ചിത്രം. കമല്‍ ഹാസന്‍ നിര്‍മിക്കുന്ന അമരന്‍ മേജര്‍ മുകുന്ദ് എന്ന യഥാര്‍ത്ഥ പട്ടാളക്കാരന്റെ കഥയാണ് പറയുന്നത്. ഈ വര്‍ഷം ദീപാവലിക്ക് അമരന്‍ തിയേറ്ററുകളിലെത്തും.

Content Highlight: Biju Menon Onboard for Sivakarthikeyan’s new movie