| Tuesday, 18th January 2022, 9:41 am

35 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ഏറ്റവും മികച്ചതെന്ന് പറയാന്‍ മാത്യൂ എന്ന വില്ലന്‍ വേഷം ധാരാളം; സുധീഷിനെ അഭിനന്ദിച്ച് ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി വേഷങ്ങളിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോയ അഭിനേതാക്കളില്‍ ഒരാളാണ് സുധീഷ്. മലയാളത്തില്‍ ഇത് സാധാരണമാണ്. ഹാസ്യനടനാണെങ്കിലും വില്ലനാണെങ്കിലും ഇത്തരത്തില്‍ അഭിനേതാക്കള്‍ പ്രത്യേക വിഭാഗത്തിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് പോവാറുണ്ട്.

എന്നാല്‍ സമീപകാല സിനിമകളില്‍ ഇങ്ങനെയുള്ള പല പതിവുകളും തെറ്റുന്ന കാഴ്ചയും കാണുന്നുണ്ട്. ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രം സുധീഷിന് ഒരു മാറ്റം നല്‍കിയിരുന്നു. അതിന് ശേഷം നല്ല വേഷങ്ങള്‍ സുധീഷിനെ തേടിയെത്തി.

അത്തരത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ് സത്യം മാത്രമേ ബോധിപ്പിക്കു എന്ന സിനിമയിലെ സുധീഷിന്റെ വില്ലന്‍ കഥാപാത്രം. ഇതുവരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ വില്ലനായിട്ടാണ് ചിത്രത്തില്‍ സുധീഷ് എത്തിയിരിക്കുന്നത്.

സുധീഷിന്റെ വില്ലന്‍ കഥാപാത്രത്തെ അഭിനന്ദിച്ചു രംഗത്ത് വന്നിരിക്കുകയാണ് ബിജു മേനോന്‍. സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ എന്ന പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മനസ്സില്‍ എടുത്തു വെക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ നല്‍കിയത് ശ്രീ സുധീഷ് ആണെന്ന് ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഓര്‍ത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലന്‍ വേഷം ധാരാളമാണെന്നും ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിച്ച സത്യം നാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസാനാണ് നായകന്‍. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്തത്. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയാണ് നിര്‍മാണം. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന ചിത്രം കൂടിയാണിത്.

സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ക്യാമറ ധനേഷ് രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു, എഡിറ്റിങ്ങ്- അജീഷ് ആനന്ദ്, പശ്ചാത്തല സംഗീതം ഒരുക്കുന്നത് വില്യംസ് ഫ്രാന്‍സിസ്, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചൂ ജെ, പ്രോജക്ട് ഡിസൈനര്‍- മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍, ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്. അസ്സോസിയേറ്റ് ഡയറക്ടര്‍- സംഗീത് ജോയ്, ജോ ജോര്‍ജ്ജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. വാര്‍ത്ത പ്രചരണം : പി.ശിവപ്രസാദ്

ബിജു മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓര്‍ത്തു പറയാന്‍ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടന്‍ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതില്‍ സന്തോഷം., ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മനസ്സില്‍ എടുത്തു വെക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ നല്‍കിയത് ശ്രീ സുധീഷ് ആണ്.

കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഓര്‍ത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലന്‍ വേഷം ധാരാളം.

ഒരു സുഹൃത്തെന്ന നിലയില്‍ ഒരു സഹോദരാണെന്ന നിലയില്‍ ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന സഹ പ്രവര്‍ത്തകനെന്ന നിലയില്‍ തീര്‍ച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഉപയ്യോഗപ്പെടുത്തട്ടെ, ഇനിയും ഇത്തരത്തില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്..

ഉയരങ്ങള്‍ കീഴടക്കട്ടെ.. ആശംസകള്‍, വീണ്ടും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: biju menon congrats sudheesh for his villain role

We use cookies to give you the best possible experience. Learn more